കോട്ടയം: റെഡ് സോണിലായതോടെ കടുത്ത നിയന്ത്രണങ്ങളിലാണ് കോട്ടയം, ഇടുക്കി ജില്ലകള്‍. ആളൊഴിഞ്ഞ നിരത്തുകളും നിശ്ശബ്ദമായ നാടുകളും. ഒപ്പം സമൂഹവ്യാപനം ഉണ്ടായോ എന്ന ഭീതിയും.
കൊറോണയെ അകറ്റി ഗ്രീന്‍ സോണിലായിരുന്ന രണ്ടു ജില്ലകളും രണ്ടു ദിവസം കൊണ്ടാണ് റെഡ് സോണിലേക്ക് എത്തിയത്. കോട്ടയത്തും ഇടുക്കിയിലും ഇപ്പോള്‍ 17 വീതം രോഗികളാണുള്ളത്.
കോട്ടയം ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 16, 18, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്പോട്ടുകളാണ്. ഇടുക്കിയില്‍ എട്ടു പഞ്ചായത്തുകളും രണ്ട് പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലെ ഏതാനും വാര്‍ഡുകളും ഹോട്ട്സ്പോട്ടുകളാണ്.
കോട്ടയം മെഡി. കോളേജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോവൃദ്ധരായ ദമ്പതികളെ ഡിസ്ചാര്‍ജ് ചെയ്തതോടെ കോട്ടയം കൊറോണ മുക്തമായെന്ന് പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞതോടെ രോഗികളുടെ എണ്ണം 17ലേക്ക് എത്തുകയായിരുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് വ്യക്തവുമല്ല. ഇത് സമൂഹവ്യാപനമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇടുക്കിയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ ശുചീകരണ തൊഴിലാളിയാണെന്നതും ഭീതിക്കിടയാക്കുന്നു. ഇന്നലെ ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ നഴ്സും കൗണ്‍സിലറും പെടുന്നു. കൗണ്‍സിലര്‍ നിരവധി ബോധവല്കരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. നഴ്സ് കഴിഞ്ഞ ദിവസം വരെ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ജോലിക്കെത്തിയിരുന്നു. ഇവരില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം പടര്‍ന്നുവെന്ന് കണ്ടെത്തണം.
പുന്നത്തുറയിലെ നഴ്സിന്റെ രോഗ ഉറവിടം അജ്ഞാതം
കോട്ടയം: കോട്ടയം പുന്നത്തുറയിലെത്തിയ തിരുവനന്തപുരത്തെ നഴ്സിന് കൊറോണ ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തീവ്രശ്രമം. നാട്ടില്‍ എത്തി 35 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഗര്‍ഭിണിയായ ഇവര്‍ അവധിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതാണ്. വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ലോക്ഡൗണായി. അതോടെ തിരുവനന്തപുരത്തേക്കുള്ള മടക്കം മുടങ്ങി. ഏതാനും
ദിവസം മുന്‍പ് ചുമയും തൊണ്ടവേദനയും വന്നതോടെ ആയുര്‍വേദ മരുന്ന് ഉണ്ടാക്കിക്കഴിച്ചു. എന്നിട്ടും ചുമ കുറയാതെവന്നപ്പോഴാണ് സംശയം തോന്നി പരിശോധനയ്ക്ക് എത്തിയത്. ശനിയാഴ്ച സ്രവം എടുത്ത് പരിശോധിച്ചതോടെ തിങ്കളാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധപ്പെട്ട രണ്ടു വെല്ലുവിളികളാണ്. ഇവര്‍ക്ക് രോഗം എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണം. ഇവരില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നോയെന്നും കണ്ടെത്തണം.
ഇവര്‍ നാട്ടില്‍ പലയിടത്തും ഭര്‍ത്താവിനൊപ്പം പോയിരുന്നു. അടുത്തുള്ള ബാങ്കിലും പച്ചക്കറിക്കടയിലും ആയുര്‍വേദ വൈദ്യശാലയിലും ഒരു ക്ലിനിക്കിലും എത്തിയ ഇവര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും പോ
യിയെന്നാണ് സൂചന. അയല്‍വീടുകളിലും ബന്ധുവീടുകളിലും പോയ ഇവര്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ സമ്പര്‍ക്കം ചെയ്തവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: