തൃക്കരിപ്പൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് കാഞ്ഞങ്ങാട് നിന്ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ട 10 അതിഥി തൊഴിലാളികളെ തൃക്കരിപ്പൂരില്‍ വെച്ച് പിടികൂടി ക്വാറന്റൈനിലാക്കി. തമിഴ്നാട് സ്വദേശികളായ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന സംഘത്തെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിലെടുത്ത് ക്വാറന്റൈനിലേക്കയച്ചു.
ഇന്നലെ പുലര്‍ച്ചെ കാഞ്ഞങ്ങാട് വടകര മുക്കിലെ താമസസ്ഥലത്ത് നിന്ന് റെയില്‍ പാളത്തിലൂടെ കാല്‍നടയായാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഇവര്‍ തൃക്കരിപ്പൂരിലെത്തിയത്.
ലോക്ക് ഡൗണിന് ഒരു മാസം മുമ്പാണ് ഇവര്‍ ജോലി തേടി കാഞ്ഞങ്ങാടെത്തിയത്. ലോക്ക് ഡൗണിന് മുമ്പ് പത്ത് ദിവസം മാത്രമാണ് ജോലി ചെയ്തതെന്ന് അവര്‍ പറയുന്നു.
ചിലവിന് പൈസ തീര്‍ന്നതും ലോക്ക് ഡൗണ്‍ നീളുമെന്ന കാര്യം മനസ്സിലാക്കിയ അവര്‍ റെയില്‍വേ പാളത്തിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ കൂട്ടമായി നടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിലും ആരോഗ്യവകുപ്പിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ ഭക്ഷണ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: