ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഭാരതത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). കൊറോണ രോഗികളെ പരിചരിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഇന്ത്യയില്‍ നിന്നും അയക്കണമെന്നാണ് യു.എ.ഇ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
യു.എ.യിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് സേവനം അനുഷ്ടിക്കുന്നത്. ഇന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. യുഎഇയിലെ നിലവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ട് വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് ഇന്ത്യയുടെ സഹായം യു.എ.ഇ അഭ്യര്‍ത്ഥിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനൊന്നായിരത്തിലധികം പേര്‍ക്കാണ് യുഎയില്‍ കൊറോണ പിടിപെട്ടത്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കുവീതം രോഗം സ്ഥിരീകരിക്കുന്നുണ്ട്. രണ്ട് അഭ്യര്‍ഥനകളാണ് യുഎഇ സര്‍ക്കാര്‍ ഇന്ത്യയോട് നടത്തിയിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഒന്ന്. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയാണ് രണ്ടാമത്തേതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. ഡോക്ടര്‍മാരെയും നഴ്സുമാരെയും കൊണ്ടുപോകാന്‍ വിമാനം അയക്കാമെന്നും യുഎഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
കൊറോണ രോഗത്തെ നേരിടാന്‍ താങ്ങായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎഇ നേരത്തെ രംഗത്തെത്തിയിരുന്നു. വൈറസ് ബാധയെ ഫലപ്രദമായി നേരിടുന്നതിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന ഇന്ത്യ സ്വീകരിച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ 5.5 മില്യണ്‍ മരുന്നാണ് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചത്. തുടര്‍ന്ന്
ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിന് യുഎഇ എംബസ്സി നന്ദി അറിയിച്ചു. കൊറോണവൈറസ് വ്യാപനം തടയാന്‍ ഇന്ത്യ ശക്തമായി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനോടൊപ്പം മറ്റുരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും യുഎഇ എംബസ്സി ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: