ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നെന്നും ഇതിന് പിന്നിലെ ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. ചൈന മഹാരോഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ വളരെ നിരാശയുണ്ട്. ഈ രോഗം ബീജിംഗ് കൈകാര്യം ചെയ്ത വിധം ഗൗരവത്തോടെ അന്വേഷിക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായെത്തി. മോശമായ നിലവാരമുള്ളതും ദോഷകരവുമായ ആന്റിബോഡി പരിശോധനാ കിറ്റുകളാണ് ചൈന അമേരിക്കയ്ക്ക് നല്‍കിയത്. മുന്‍പ് നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം പരിശോധനാ കിറ്റുകള്‍ക്ക് കഴിഞ്ഞമാസം ഗുണനിലവാര രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിതരണ കമ്പനികളുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. രോഗവ്യാപനത്തിന്റെ ഈ മോശം ഘട്ടത്തിലും ചൈന ലാഭേച്ഛയോടെ പ്രവര്‍ത്തിച്ചത് തെറ്റാണെന്നും നവാരോ പറഞ്ഞു.
അതേസമയം ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ചൈനീസ് ഭരണാനുകൂല ദിനപത്രമായ ഗ്ളോബല്‍ടൈംസ് അവരുടെ എഡിറ്റോറിയലില്‍ ശക്തമായാണ് പ്രതികരിച്ചത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റിപബ്ളിക്കന്‍ പാര്‍ട്ടിയുടെ ഗുണത്തിനായി ചൈനയെ കുറ്റപെടുത്തുകയാണ് ഇവര്‍. ചൈനയുടെ കൊവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയെക്കാള്‍ വളരെ മുന്‍പിലാണ്.
ലോകമാകെ 30ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 211,167 പേര് മരണപ്പെട്ടു. രോഗബാധയെ തുടര്‍ന്ന് അഞ്ചാംപനി,പോളിയോ പോലെയുള്ള രോഗബാധക്കെതിരായ വാക്സിനേഷന് മുടങ്ങുന്നതില്‍ ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗ്രിബ്രയേസസ് ആശങ്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: