ന്യൂദല്‍ഹി: ഭാഗികമായെങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ തുടരുമെന്നു സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്ഫ്രന്സില് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തില്‍ നാലാമത്തെ ആശയവിനിമയമാണിത്. നേരത്തെ മാര്‍ച്ച് 20, ഏപ്രില്‍ 2, 11 എന്നീ തീയതികളിലും ചര്‍ച്ച നടത്തിയിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിക്കു പകരം ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നലെ സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ വിട്ടുനിന്നെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ രാജ്യത്തിന് ഗുണപരമായ ഫലം നല്‍കിയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. രണ്ടടി അകലം പാലിക്കുക എന്ന മന്ത്രം വരും നാളുകളിലേക്കുള്ളതാണ്. മാസ്കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്.
വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിലെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് അസൗകര്യങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും അവരുടെ കുടുംബങ്ങള്‍ക്ക് അപകടമൊന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തി വേണം ഇവരെ തിരികെ കൊണ്ടുവരേണ്ടത്, അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, വേനല്‍ക്കാലം, മണ്‍സൂണ്‍, ഈ സീസണില്‍ വരാനിടയുള്ള അസുഖങ്ങള്‍ എന്നിവ പരിഗണിച്ചു വേണം പ്രതിരോധ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്, മോദി കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ ആവര്‍ത്തിച്ചു. പരമാവധി ജീവന് രക്ഷിക്കാന്‍ ലോക്ഡൗണ്‍ ഫലപ്രദമായ മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുഖ്യമന്ത്രിമാര്‍ പ്രശംസിക്കുകയും വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സേനയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: