കാസര്‍കോട്: കൂലി കൊടുക്കാത്തതിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിട്ട പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ടി. രജീഷിനെയാണ് കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ‘ജോലി ചെയ്താല്‍ കൂലി കൊടുക്കണം,,…’ എന്നായിരുന്നു രജീഷിന്റെ വാട്സ്പ്പ് സ്റ്റാറ്റസ്.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെടുത്തി പോലീസുകാര്‍ക്കിടയില്‍ അതിവേഗം ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. രജീഷിനെതിരെ കൂടുതല്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ് ടി. രജീഷ്. അടുത്ത ബന്ധുവിന് കൂലിപ്പണിയെടുത്തതിന് കൂലി കിട്ടാത്തത് സൂചിപ്പിച്ച പോസ്റ്റ് ദുര്‍വ്യാഖ്യാനിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സുരക്ഷാസംവിധാനം കാര്യക്ഷമമായി നടക്കേണ്ട സാഹചര്യത്തില്‍ അച്ചടക്ക നടപടിയെടുത്തത് സേനയില്‍ കടുത്ത അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.
കൊറോണയ്ക്കെതിരെ ജീവന് പണയംവച്ച് ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വരെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: