ഇടുക്കി: ആനമല മലനിരയില്‍ നിന്ന് പുതിയ ഇനം പാമ്പ് വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. സൈലോഫിസ് മൊസേക്കസ് (പുല്‍മണ്ണൂലി) എന്നറിയപ്പെടുന്ന പാമ്പിനെ ഇടുക്കി ജില്ലയിലെ ഇരവികുളത്ത് നിന്നാണ് കണ്ടെത്തിയത്. കാണപ്പെടുന്ന സ്ഥലവും ശരീര പ്രകൃതിയും കണക്കിലെടുത്താണ് ഈ പേര് നല്‍കിയത്.
മഞ്ഞയില്‍ കറുപ്പും കറുപ്പില്‍ മഞ്ഞയും ചേര്‍ന്ന നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ശല്ക്കങ്ങളില് വെളിച്ചം പതിക്കുമ്പോള്‍ മഴവില്ലഴകില്‍ കാണാനാകും. വിഷമില്ലാത്ത ഇനമായ ഇവ പുതിയ ഇനമാണെന്ന് ഉറപ്പിക്കാന്‍ അഞ്ച് വര്‍ഷത്തെ വിശദമായ പഠനം വേണ്ടി വന്നു.
പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപന(കെഎഫ്ആര്‍ഐ) ത്തിലെ ഗവേഷകരായ സന്ദീപ് ദാസ്, കെ.പി. രാജ്കുമാര് എന്നിവര്‍ 2015ല്‍ ആണ് പാമ്പിനെ ആദ്യമായി കാണുന്നത്. ഉരഗവര്‍ഗ ഗവേഷണത്തിന്റെ ഭാഗമായി ഇടുക്കിയിലെ ഇരവികുളത്ത് താമസിക്കുമ്പോള്‍ ക്യാമ്പിലെ ട്രഞ്ചിലായിരുന്ന ആദ്യമായി കാണുന്നത്.
വെയില് കൊള്ളുന്നതിനായി പുറത്തെത്തിയ പാമ്പിനെ കണ്ട് കൗതുകം തോന്നിയതോടെ വിശദമായി നിരീക്ഷിച്ചു. കൂടുതൽ വ്യക്തതയ്ക്കായി ലണ്ടനിലെ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി. അവിടെ നിന്ന് ഇവയുടെ ഗണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. കെഎഫ്ആര്‍ഐയിലെ മുന്‍ ഡയറക്ടര്‍ ഡോ. ഈസ, ഡോ. കെ.എ. ശ്രീജിത്ത്, നാഷണല്‍ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ദിപ്ക് വി, ഡേവിഡ് ഗോവര്‍, വയനാട് വൈല്‍ഡ് ലൈഫ് എന്ന റിസോര്‍ട്ടിലെ നാച്ച്വറലിസ്റ്റ് സൂര്യനാരായണന് എന്നിവരും പുതിയ പാമ്പ് ഗവേഷണത്തില്‍ പങ്കാളികളായി.
സൈലോഫിസ് പെറോട്ടിറ്റ്രി, സൈലോഫിസ് ക്യാപ്റ്റനി, സൈലോഫിസ് സ്റ്റെനോറിങ്കസ്, സൈലോഫിസ് ഇന്‍ഡിക്കസ് എന്നിവയാണ് ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന സൈലോഫിസ് ഗണത്തിലെ പാമ്പുകള്‍. നീലഗിരി മലനിരകളിലാണ് കണ്ടെത്തിയിട്ടുള്ള സൈലോഫിസ് പെറോട്ടിറ്റ്രി ആണ് ഇവയെന്നാണ് ആദ്യം കരുതിയതെങ്കിലും വലുപ്പത്തിലെ വ്യത്യാസവും കണ്ടെത്തിയ സ്ഥലവും ഇത് തിരുത്തി. പശ്ചിമഘട്ടത്തിന്റെ പാലക്കാടുള്ള വലിയ ഗ്യാപ്പ് കടന്ന് പാമ്പ് ഒരിക്കലും തെക്കോട്ട് എത്തില്ലെന്ന നിരീക്ഷണവും പഠനത്തിന് സഹായകമായി.
പുല്‍മേടുകളില്‍ കാണുന്ന ഇവയെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് മണ്ണൂലി. ഇതില്‍ നിന്നാണ് മലയാളത്തില്‍ പുല്‍മണ്ണൂലി എന്ന പേര് നല്‍കിയത്. പരമാവധി 40 സെ.മീ. നീളമുള്ള ഇവയ്ക്ക് മനുഷ്യന്റെ തള്ള വിരളിന്റെ വലുപ്പമാണുള്ളത്. ചെറു ജീവികളാണ് ഇഷ്ടഭക്ഷണം. മുട്ടയിട്ട് അടയിരുന്ന് വിരിയിക്കുന്നതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: