ഹൈദരാബാദ്: തുടര്‍ച്ചയായി ഫൈനലുകളില്‍ തോറ്റതിനെ തുടര്‍ന്ന് ചിലര്‍ തനിക്ക് നല്കിയ ‘സില്‍വര്‍ സിന്ധു’ എന്ന വിളിപ്പേര് തന്നെ ഏറെ അലട്ടിയിരുന്നതായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. ഈ വിളിപ്പേരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കിരീടം താന്‍ ആഗ്രഹിച്ചിരുന്നുയെന്ന് സിന്ധു പറഞ്ഞു. 2016 റിയോ ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങളില്‍ മികവ് കാട്ടിയെങ്കിലും ഫൈനലുകളില്‍ തോറ്റു. ഇതോടെയാണ് സില്‍വര്‍ സിന്ധു എന്ന വളിപ്പേര് ലഭിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം അണിഞ്ഞതോടെയാണ് ആത്മവിശ്വാസം വീണ്ടെടുക്കാനായത്.
കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു കിരീടം ചൂടിയത്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സില്‍വര്‍ സിന്ധു വിളിപ്പേരില്‍ നിന്ന് രക്ഷപ്പെടാനായി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നൂറു ശതമാനം മികവും പുറത്തെടുക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങും മുമ്പേ ചിലര്‍ സില്‍വര്‍ സിന്ധു എന്നു വിളിച്ചു തുടങ്ങി. പക്ഷെ മനോധൈര്യം കൈവിട്ടില്ല. ശക്തമായി തന്നെ പൊരുതി അനായാസ വിജയവും നേടി, സിന്ധു പറഞ്ഞു.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗ്സ് തുടങ്ങിയവര്‍ പങ്കെടുത്ത ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു സിന്ധു.
റിയോ ഒളിമ്പിക്സിനു ശേഷം കളിച്ച ഏഴോ എട്ടോ ഫൈനലുകളില്‍ താന്‍ തോറ്റു. ചില ആളുകള്‍ തനിക്ക് ഫൈനല്‍ ഫോബിയയാണെന്ന് പറഞ്ഞുപരത്തി. സ്ഥിരമായി ഫൈനലില്‍ തോല്‍ക്കുന്ന താരമെന്ന ചീത്തപ്പേരും ലഭിച്ചു. ഒരു ടൂര്‍ണമെന്റിന്റെ സെമിയിലും ഫൈനലിലും എത്തുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതൊന്നും ചില ആളുകള്‍ക്ക് മനസിലാകുന്നില്ല. ജയവും തോല്‍വിയുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് തന്റെ അഭിപ്രായം, സിന്ധു വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: