ന്യൂദല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറബ് രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി മോദി ഫോണില്‍ ബന്ധപ്പെട്ടു. ജിഹാദി പ്രചാരണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലെത്തിയതോടെയാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടല്‍ ശക്തമാക്കിയത്. കൊറോണ പ്രതിരോധത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനവും പ്രധാനമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ചാണ് ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രചാരണം നടന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പദ്ധതിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജിഹാദികള്‍ പങ്കാളികളായിരുന്നു. ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും മുസ്ലിങ്ങളെ വേട്ടയാടുന്നുമെന്നുമായിരുന്നു പ്രധാന പ്രചാരണം. കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ ജോലി നഷ്ടപ്പെടുത്താനും ഇവര്‍ മുന്നിട്ടിറങ്ങി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിഷയത്തില്‍ ഇടപെട്ടു. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം സംസാരിച്ചു. വ്യാജ അക്കൗണ്ടുകളും പ്രചാരണങ്ങളും കണ്ടെത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അതീവ പരിശ്രമം നടത്തിവരികയാണ്. റമദാന് മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി ഉറപ്പാക്കുമെന്ന് ജയശങ്കര്‍ ഉറപ്പ് നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക നടപടികള്‍ സ്വീകരിക്കും.
സൗദി, ബെഹ്റിന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, പലസ്തീന് എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്, പാരസെറ്റാമോള്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കും. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങരുതെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവാര്‍ ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനമാക്കിയുള്ള സവിശേഷമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചും ഇന്ത്യക്കെതിരെ പ്രചാരണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: