വാഷിങ്ടണ്‍: ചൈനയ്ക്കെതിരെ സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹാലെ. കൊറോണ വൈറസുമായി ബന്ധപ്പെട്ട സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തിയ ചൈനയ്ക്കെതിരെ യുഎസ് കോണ്‍ഗ്രസ് നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സൗത്ത് കരോലീന ഗവര്‍ണറായിരുന്ന നിക്കിയുടെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്. നാല്‍പ്പതിനായിരത്തില്‍ പരം ആളുകള്‍ വെള്ളിയാഴ്ച രാത്രിയോടെ ചൈനയ്ക്കെതിരായ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് പദ്ധതി.
സത്യം മറച്ചുവച്ച ചൈനയ്ക്ക് മഹാമാരിയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അമേരിക്കയിലും ലോകമെമ്പാടും സ്വാധീനം നേടിയെടുക്കാനുള്ള ചൈനയുടെ നീക്കം തടയാന്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്നിന്റെ ഭാഗമാകാനും നിക്കി ജനങ്ങളോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈന മനപ്പൂര്‍വം മറച്ചുവച്ചോ എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അന്വേഷിക്കണം. അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ക്കും മരുന്നുകള്‍ക്കും അമേരിക്ക ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം, ചൈനയുടെ ചൂഷണത്തിനെതിരെ തായ്വാനെ പിന്തുണയ്ക്കണം, ചൈന ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്‍കാനുള്ള തുക അടപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസിഡറായ നിക്കി നിവേദനത്തില്‍ മുന്നോട്ട് വച്ചത്.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചാലുടന്‍ വൈറസ് വ്യാപനത്തിലെ ചൈനയുടെ പങ്ക് ചര്‍ച്ച ചെയ്യാന്‍ അടിയന്തര രക്ഷാസമിതി യോഗം ചോരാന്‍ അമേരിക്ക ആവശ്യപ്പെടണമെന്ന് നിക്കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ രാജ്യത്തിന് ഒന്നും മറയ്ക്കാനില്ലെന്ന് യുഎന്നിലെ ചൈനീസ് അംബാസഡര്‍ ഷാങ് ജുന് നിക്കിയുടെ ട്വീറ്റിന് പിന്നാലെ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: