ന്യൂയോര്‍ക്ക്: വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 വൈറസ് ആഗോളവ്യാപകമായി വിതച്ച മരണം രണ്ടു ലക്ഷം കടന്നു. അവസാനം കിട്ടിയ കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 2,03,272 ആയി. വിവിധ രാജ്യങ്ങളിലായി രോഗ ബാധിതരുടെ എണ്ണം 29,20,877 ആണ്.
9,60,651 കൊവിഡ് സ്ഥിരീകരണങ്ങളുമായി രോഗബാധയില്‍ അമേരിക്കയാണ് ഏറ്റവും മുന്പില് നില്‍ക്കുന്നത്. ഇവിടെ മരിച്ചവരുടെ എണ്ണം 54,256 ആയി. രോഗബാധയുടെ എണ്ണത്തില്‍ സ്പെയിന് ആണ് രണ്ടാമത്. 2,23,759 പേരെ സ്പെയിനില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇവിടെ മരണസംഖ്യ 22,902 കടന്നു. 1,95,351 രോഗികളുമായി ഇറ്റലിയാണ് മൂന്നാമത്. ഇവിടെയാകട്ടെ മരണം 26000 കടന്നു. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.
കൊവിഡ് 19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം ചൈനീസ് മാധ്യമങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് മാസം പിന്നിടുകയാണ്. 210 രാജ്യങ്ങളിലായി വ്യാപിച്ച മഹാമാരി ഇതുവരെ കവര്‍ന്നത് രണ്ട് ലക്ഷം ജീവനുകളാണ്. ഇരുപതിനായിരത്തിലധികം കൊവിഡ് മരണങ്ങള് അമേരിക്ക അടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ മാത്രം ഉണ്ടായി. 91 ദിവസം കൊണ്ട് തന്നെ മരണം ഒരു ലക്ഷം കടന്നപ്പോള്‍ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.
വരുന്ന കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പല രാജ്യങ്ങളിലും നഴ്സിങ് ഹോമുകളിലേയും ആശുപത്രിക്ക് പുറത്തുള്ള മരണങ്ങളും കൂടി രേഖപ്പെടുത്തിയാല്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൊവിഡ് മരണമുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: