ന്യൂദല്‍ഹി: തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. മുപ്പതുകാരനായ ഭുവനേശ്വര്‍ കുമാര്‍ ജനുവരിയില്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയിലായിരുന്നു.
ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. മികച്ച പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. മീററ്റില്‍ നിന്നുള്ള ഈ പേസര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടി 20 യിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യന്യുസിലന്ഡിനെതിരായ പരമ്പരയില്‍ കളിക്കാനായില്ല.
2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. അന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്്. കോളിന് ഡി ഗ്രാന്‍ഡ്ഹോം, ടോം ലാത്തം, മാറ്റ് ഹെന്റി എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍ എറിഞ്ഞിട്ടത്. ഈ പേസറുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ അമ്പത് ഓവറില്‍ എട്ടിന് 239 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി. പക്ഷെ മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റു.
കാര്യങ്ങള്‍ നമ്മുടെ വഴിക്ക് നീങ്ങിയില്ല. ക്രിക്കറ്റില്‍ അതൊക്കെ സ്വാഭാവികമാണ്. നമുക്കത് മോശം മത്സരമായിരുന്നു. നോക്കൗട്ട് ഘട്ടമായിരുന്നതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെന്നും ഭുവനേശ്വര്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ആറു മത്സരങ്ങള്‍ ഭുവനേശ്വര്‍ കുമാര്‍ പത്ത് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച ബൗളര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കളിക്കാരനാണ്. 2014ലാണ് ഓറഞ്ച് പടയില്‍ ചേര്‍ന്നത്.
2016, 17 വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 2016-ല്‍ പതിനേഴ് മത്സരങ്ങളില്‍ 23 വിക്കറ്റും 2017-ല്‍ പതിനാല് മത്സരങ്ങളില്‍ 26 വിക്കറ്റും നേടി. 2016-ല്‍ സണ്‍റൈസേഴ്സിന്റെ ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫൈനലില്‍ വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്സ് കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: