ന്യൂദല്‍ഹി: കൊറോണയോട് ഇന്ത്യ കൃത്യ സമയത്താണ് പ്രതികരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്. രോഗവ്യാപനം തടയാന്‍ ഇന്ത്യ കൃത്യസമയത്ത് ശക്തമായ നടപടികള്‍ തന്നെയാണ് കൈക്കൊണ്ടത്. രോഗവ്യാപനം ഉയരും മുന്‍പു തന്നെ ഇന്ത്യ അവ നടപ്പാക്കുകയും ചെയ്തു. ഇത് മാതൃകാപരമാണ്. ഇന്ന് ഇന്ത്യയില്‍ രോഗം ഇരട്ടിക്കുന്നത് എട്ടു ദിവസം കൂടുമ്പോള്‍ മാത്രമാണ്.
ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും ഈ നേട്ടം നിലനിര്‍ത്തുക, വ്യാപനം സംസ്ഥാനങ്ങളിലും കുറച്ചു നിര്‍ത്തുക തുടങ്ങിയവയാണ് ഇന്ത്യ നേരിടേണ്ട വെല്ലുവിളികള്‍. അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ രോഗ പരിശോധനയും ഉചിതമായ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. പരിശോധിക്കുന്നവരില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ രോഗബാധിതരാണെന്ന് ഇന്ത്യ കണ്ടെത്തുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത് 30 മുതല്‍ 40 ശതമാനം വരെയാണ്. ഇന്ത്യ കൃത്യമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട് എന്നതാണ് ഇത് കാണിക്കുന്നത്. രോഗവ്യാപനം കൂടുന്നതനുസരിച്ച് ഇന്ത്യ പരിശോധനയും കൂട്ടണം.
കേരളവും നല്ല പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. ശക്തമായ പ്രാഥമിക ആരോഗ്യ സംവിധാനം, മികച്ച പഞ്ചായത്തീരാജ് സംവിധാനം, നല്ല പ്രാദേശിക ഭരണ രീതി, ഉന്നത വിദ്യാഭ്യാസ നിലവാരം, പൊതു പങ്കാളിത്തം എന്നിവയാണ് ഇതിന് കാരണം. നിപാ വൈറസ് ബാധ കാലത്തും ഇത് വ്യക്തമായിരുന്നു. കൂടിയ ചൂട് രോഗവ്യാപനം തടയുമെന്ന് അഭ്യൂഹമുണ്ട്. പക്ഷെ ഇതിന് ഒരു തെളിവുമില്ല, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: