ന്യൂദല്‍ഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതു കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്കു രൂപം നല്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വീട്ടിലിരിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനായി എന്‍ സി ഇ ആര് ടി ബദല്‍ അക്കാദമിക കലണ്ടര്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കി. പ്രൈമറി വിഭാഗത്തിനുള്ള കലണ്ടര്‍ നേരത്തെ ഇറക്കിയിരുന്നു.
വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപപ്പെടുത്തിയ രസകരമായ സമൂഹ മാധ്യമ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും ബദല്‍ അക്കാദമിക കലണ്ടറില്‍ ലഭ്യമാണെന്ന് ഉദ്ഘാടനം ചെയ്യവേ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല് ‘നിശാങ്ക്’ പറഞ്ഞു. മൊബൈല്‍ ഫോണ്‍, റേഡിയോ, ടെലിവിഷന്‍, എസ് എം എസ്, വിവിധ സമൂഹ മാധ്യമ ഉപകരണങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നു . ഒരുപക്ഷേ, എല്ലാവര്ക്കും ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമോ വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള സമൂഹ മാധ്യമ ആപ്പുകളും സെര്‍ച്ച് എന്‍ജിനുകളും ഉപയോഗിക്കുന്നതിനുള്ള സൗകര്യമോ ഉണ്ടായെന്ന് വരില്ലെന്നും അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഫോണില്‍ എസ് എം എസ് അല്ലെങ്കില്‍ വോയ്സ് കോള്‍ സൗകര്യം വഴി കലണ്ടര്‍ ഉപയോഗിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ കലണ്ടര്‍ ഉപയോഗിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ ബദല്‍ കലണ്ടര്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓഡിയോ ബുക്കുകളുടെ ലിങ്ക്, റേഡിയോ പരിപാടികള്‍, വീഡിയോ പരിപാടി എന്നിവ ഉള്‍പ്പെടുന്ന കലണ്ടറാകും ലഭ്യമാക്കുക.
സിലബസില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ എടുത്തിട്ടുള്ള വിഷയത്തെയോ അധ്യായത്തെയോ പരാമര്‍ശിക്കുന്ന രസകരവും മത്സര സ്വഭാവമുള്ളതുമായ ആഴ്ച തോറുമുള്ള പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുന്നു.
കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രത്യേക ക്രമം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവര്‍ത്തനങ്ങളുടെ ക്രമം നിശ്ചയിക്കാം. വിദ്യാര്‍ഥിയുടെ താല്‍പ്പര്യ പ്രകാരവും പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.
ഓണ്‍ലൈന്‍ അധ്യാപനപഠന ഉപകരണങ്ങള്‍ വഴി ബദല്‍ കലണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെയും വീട്ടിലിരുന്നു മികച്ച രീതിയില്‍ പഠനം നടത്തുന്നതിലൂടെയും കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും പ്രാപ്തരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: