കുവൈറ്റ് സിറ്റി – അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് ഇന്ത്യന്‍ പൗരന്മാര്ക്കാണ് കുവൈറ്റില്‍ കൊറോണ വൈറസ് കാരണം ജീവന് നഷ്ടമായത്. ഇവരില്‍ ഒരാള്‍ 75 വയസും മറ്റേയാള്‍ 57 വയസും പ്രായമായവരാണ്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 13 ആയി. ഇവരില്‍ 5 പേര് ഇന്ത്യക്കാരാണു. ചികില്‍സയിലുള്ള 31 പേര് ഇന്ന് രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ 443 പേരാണു രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയത്. ഇന്ന് 80 ഇന്ത്യക്കാര്‍ അടക്കം ആകെ 168 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ ഇന്ന് വരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 2248.ആയി. ഇവരില്‍ 1249 പര് ഇന്ത്യാക്കാരാണു.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 80 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗ ബാധയേറ്റത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ 169 രോഗികളില്‍ 145 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 17 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 1792 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 50 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണു. ഇവരില്‍ 21 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം പൊതുമാപ്പ് നല്‍കിയിട്ടും തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുടെ കാര്യത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റ് അംഗം മുഹമ്മദ് അല്‍ ഹാദിയ ആവശ്യപ്പെട്ടു. പൊതുമാപ്പ് ലഭിച്ച വരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചിട്ടും ചില രാജ്യങ്ങള്‍ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് എം പി യുടെ നിര്‍ദേശം.
രാജ്യത്ത് തുടരുന്ന വലിയൊരു വിഭാഗം വിദേശികളും അവിദഗ്ദ്ധ തൊഴിലാളികളാണ്. ഇവരെ മടക്കി അയക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.
മലയാളി നിര്യാതനായി
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ചങ്ങനാശേരി വാഴപ്പള്ളി ശോഭനാലയത്തില്‍ ഗോപകുമാര്‍ ചന്ദ്രശേഖരന് പിള്ള (60) ആണു ഉച്ചയോടെ ശുവൈഖിലെ താമസസ്ഥലത്ത് മരണമടഞ്ഞത്. ശുവൈഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു. കൊറോണ വൈറസ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നരമാസമായി ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പിതാവ് ഗോവിന്ദപിള്ള , മാതാവ് ജാനകി അമ്മ. സിന്ധു ഗോപ കുമാറാണു ഭാര്യ. രണ്ടു പെണ്മക്കളാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: