മാനവരാശിയുടെ ചരിത്രം കൊറോണ മഹാമാരിക്ക് മുന്‍പും പിന്പുമായി വിഭജിക്കപ്പെടാന്‍ പോവുകയാണ്. ചൈനീസ് വൈറസ് പരത്തുന്ന ഈ മഹാമാരിയെ സമ്പൂര്‍ണമായി പ്രതിരോധിക്കാന്‍ കഴിയുന്നതോടെ ലോകത്തിന്റെ ചിത്രം മറ്റൊന്നാവും. പുതിയൊരു ലോകക്രമം തന്നെയാവും ഉരുത്തിരിഞ്ഞുവരിക. അത് ഇപ്പോഴത്തെ ശാക്തിക ചേരികളില്‍ കാതലായ മാറ്റങ്ങളുണ്ടാക്കും. ഇത്തരമൊരു സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാനം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. വെറുക്കപ്പെട്ട രാഷ്ട്രം എന്ന നിലയിലേക്ക് ചൈന ഒറ്റപ്പെടാനാണ് എല്ലാ സാധ്യതയും.
സൂപ്പര്‍ പവര്‍ എന്നതിനു പകരം ‘സൂപ്പര്‍ സ്പ്രെഡര്‍’ എന്ന അധിക്ഷേപ പദവി ഇതിനകം ചൈന സമ്പാദിച്ചുകഴിഞ്ഞു. കൊറോണ വൈറസ് ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണോ എന്ന ഗുരുതരമായ സംശയം ലോകത്തെ ചൂഴ്ന്നു നില്‍ക്കുകയാണ്. ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരം ലഭിച്ച ഫ്രഞ്ചുകാരനായ ലസ് മോണ്ടാങ്കിനിയന് പോലും ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ ചൈന ദൂരീകരിക്കണമെന്നും, സ്വതന്ത്രമായ അന്വേഷണം അനുവദിക്കണമെന്നും അമേരിക്കയ്ക്കു പുറമെ മറ്റ് പല രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊറോണ വൈറസ് ജൈവായുധം അല്ലെന്ന് വരികിലും ഈ മഹാമാരി ലോകത്ത് വ്യാപിക്കാനിടയായതില്‍ ചൈനയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാര്യത്തില്‍ ചൈനീസ് ഭരണകൂടം മാനവരാശിയോടുതന്നെ തെറ്റ് ചെയ്തിരിക്കുന്നു. 2019 നവംബര്‍ മുതല്‍ ഈ അത്യാപത്തിനെക്കുറിച്ച് ചൈനയ്ക്ക് അറിയാമായിരുന്നു. പക്ഷേ വുഹാനില്‍ ഇത് അമര്‍ച്ച ചെയ്യുന്നതുവരെ ബീജിങ് ഭരണകൂടം നിശ്ശബ്ദത പാലിച്ചു. വുഹാനില്‍നിന്ന് ലോകത്തിന്റെ വിദൂര കോണുകളിലേക്കു പോലും സഞ്ചരിച്ച കൊറോണ വൈറസ് ചൈനയിലെ മറ്റിടങ്ങളിലേക്ക് എന്തുകൊണ്ട് വ്യാപിച്ചില്ല എന്നത് ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി വുഹാന്‍ ചൈന കൊട്ടിയടച്ചു. വീടുകളും ഓഫീസുകളും പൂട്ടി മുദ്ര വച്ചു. അതേസമയം വിദേശികളെ അവര്‍ ആഗ്രഹിക്കുന്നയിടങ്ങളിലേക്ക് വിമാനത്തില്‍ പോകാന്‍ അനുവദിച്ചു. ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയതില്‍ ബീജിങ് ഭരണകൂടം ഉള്ളില്‍ സന്തോഷിച്ചുവോ?
ചൈന ശരിയായും ശക്തമായും നടപടി എടുത്തിരുന്നെങ്കില്‍ കൊറോണ രോഗം വുഹാന്‍ തലസ്ഥാനമായ ഹുബേയ് പ്രവിശ്യയില്‍ ഒതുക്കാമായിരുന്നു. ഇതിനുപകരം തുടക്കത്തില്‍ എല്ലാം രഹസ്യമാക്കിവയ്ക്കുകയാണ് ചൈന ചെയ്തത്. ഇക്കാര്യത്തില്‍ ചൈന ആവര്‍ത്തിച്ച് കുറ്റം ചെയ്യുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മഹാമാരിയായ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോഴും ചൈന ഇതുപോലെപെരുമാറി. കൊറോണ വൈറസ് നവംബറില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അടിയന്തരമായ ആരോഗ്യ സുരക്ഷാ നടപടികള്‍ എടുക്കുന്നതിനു പകരം രാഷ്ട്രീയമായി നേരിടാനാണ് ചൈന ശ്രമിച്ചത്. പ്രാദേശികമായ ഒരു മഹാരോഗം ലോകവിപത്തായി മാറാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുവദിക്കുകയായിരുന്നു. രോഗം സംബന്ധിച്ച ശരിയായ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറാവാതിരുന്നതിനാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് യഥാസമയം ഫലപ്രദമായ നടപടികളെടുക്കാനും കഴിഞ്ഞില്ല.
ചൈനയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയും ഇവിടെ പ്രതിക്കൂട്ടിലാണ്. ചൈനയുമായി ലോകാരോഗ്യ സംഘടനാ മേധാവി ഒത്തുകളിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് വളരെ മുന്‍പേ 2019 ഡിസംബറില്‍ തായ്വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന ആഗ്രഹിക്കുന്നതാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗെബ്രിയേസസ് ചെയ്തത്. എത്യോപ്യയുടെ ആരോഗ്യ മന്ത്രിയായിരിക്കെ പകര്‍ച്ച വ്യാധിയായ കോളറ സംബന്ധിച്ച വിവരങ്ങള്‍ മൂടിവെച്ചുവെന്ന കുറ്റാരോപിതനാണ് ടെഡ്രോസ്. ചൈനയുടെ സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ടെഡ്രോസ് ലോകാരോഗ്യ സംഘടനയുടെ പ്രതിഛായയും നശിപ്പിച്ചിരിക്കുകയാണ്. പൊതു ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനു പകരം ചൈന നല്കുന്ന വിവരങ്ങള്‍ ആ രാജ്യത്തിന്റെ വക്താവിനെപ്പോലെ ആവര്‍ത്തിക്കുക മാത്രമാണ് ടെഡ്രോസ് ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ പലതും ചൈനയെ ഒറ്റപ്പെടുത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ വഴികള്‍ തേടുകയായിരുന്നു ടെഡ്രോസ്.
ലോകാധിപത്യത്തിനുള്ള ചൈനയുടെ കുടിലമോഹങ്ങളാണ് ലോകാരോഗ്യ സംഘടനാ മേധാവിയെന്ന നിലയില്‍ ടെഡ്രോസിലൂടെ പുറത്തുവരുന്നത്. ഏറ്റവും നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു സംഘടന ചൈനയുമായി ചേര്‍ന്ന് ഇങ്ങനെയൊരു തെറ്റു ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. ടെഡ്രോസിനെതിരായ പ്രസിഡന്റ് ട്രംപിന്റെ വിമര്‍ശനവും, ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിര്‍ത്തിവച്ചതുമാണ് പലരും കുറ്റമായി കാണുന്നത്. എന്നാല്‍ ജപ്പാന് ഉപപ്രധാനമന്ത്രി ടാറോ ആസോയും ലോകാരോഗ്യ സംഘടനയ്ക്കെതിരെ രംഗത്തുവരികയുണ്ടായി. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നതിന്റെ ചുരുക്കപ്പേരായ ണഒഛ എന്നത് ഇഒഛ എന്നാക്കി മാറ്റണമെന്നാണ് ആസോ പരിഹസിച്ചത്. ചൈനീസ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നര്‍ത്ഥം.
ലോകരാജ്യങ്ങള്‍ അപ്രിയ സത്യങ്ങള്‍ അറിയുകയും, കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നും വന്നതോടെ ചൈനീസ് ഭരണകൂടം പ്രതിച്ഛായ സംരക്ഷിക്കാനുള്ള നടപടികളുമായി രംഗത്തുവരികയുണ്ടായി. ആഗോളതലത്തില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ നേതാവ് ചമയാനാണ് ചൈന ശ്രമിച്ചത്. സ്വന്തം രാജ്യത്ത് രോഗവ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ടതും, മറ്റ് രാജ്യങ്ങളിലേക്ക് വൈദ്യ ഉപകരണങ്ങള്‍ വന്‍തോതില്‍ കയറ്റി അയയ്ക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇതില്‍ പലതും നിലവാരമില്ലാത്തതും കേടായതുമായിരുന്നു. പല രാഷ്ട്രങ്ങളും ഇവ ഉപയോഗിക്കാന്‍ വിസമ്മതിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് ചൈനീസ് നേതൃത്വത്തിന് നല്ലപോലെ അറിയാം. സ്വന്തം രാജ്യക്കാരന് അധ്യക്ഷനായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുഎന്‍ രക്ഷാസമിതി കൊറോണ മഹാമാരിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ചൈന തടഞ്ഞു. കുറ്റം ചെയ്തിട്ടുണ്ട് എന്നതിന് തെളിവാണിത്. ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ ആയിരുന്നു ആരോപണ വിധേയരെങ്കില് ഇത്തരമൊരു ചര്‍ച്ചയ്ക്ക് ചൈന മുന്‍കയ്യെടുക്കുമെന്നു മാത്രമല്ല, യുഎന്‍ ഉപരോധം വരെ ഏര്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ പ്രതിക്കൂട്ടിലായ ചൈന ചെയ്തത് അന്താരാഷ്ട്ര വിലക്ക് ഒഴിവാക്കാന്‍ ഭാരതത്തിന്റെ സഹായം തേടുകയാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയുടെ ഫോണ്‍കോളിന്റെ രൂപത്തിലായിരുന്നു ഇത്.
സ്വന്തം രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റ് ട്രംപിനെയാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ ഈ മഹാമാരി ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച ചൈനയുടെ തലവന്‍ ഷി ജിന്‍ പിങ് പൈശാചികത മനസ്സിലൊളിപ്പിച്ച് പുഞ്ചിരിയുമായി നടക്കുന്നു. ട്രംപിനെ ആര്‍ക്കും വിമര്‍ശിക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും. എന്നാല്‍ പിങ്ങിനെയോ? മൂന്നാം ലോകയുദ്ധം നടന്നുകാണാന്‍ ആഗ്രഹിച്ച രാജ്യമാണ് ചൈന. യുദ്ധത്തില്‍ സര്‍വനാശം സംഭവിച്ചാലും 30 കോടി ചൈനക്കാര്‍ അവശേഷിക്കുമെന്നും, അങ്ങനെ ലോകം അടക്കിവാഴാനാവുമെന്നുമാണ് ചൈന കണക്കുകൂട്ടിയത്. ഈ മനോഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് കൊറോണ വ്യാപനത്തിന് ഇടവരുത്തിയതിലൂടെ വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: