തിരുവനന്തപുരം: നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ കേരളത്തിലേക്കും തിരിച്ചും അനധികൃതമായി കടക്കുന്നത് തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കടന്നുകയറ്റം പൂര്‍ണമായും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്നര്‍ ലോറികളും അടച്ചുപ്പൂട്ടിയ വാഹനങ്ങളും മുഴുവനായി തുറന്നുപരിശോധിച്ച് യാത്രക്കാര്‍ അകത്തില്ലെന്നു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഊടുവഴികളിലൂടെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്നു ഉറപ്പുവരുത്താന്‍ അതിര്‍ത്തികളോട് ചേര്‍ന്ന പൊലീസ് സ്റ്റേഷനുകളുടെ കീഴില്‍ ബൈക്ക് പട്രോള്‍ സംവിധാനം ഊര്‍ജിതമാക്കി. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെയും എസ്ഐമാരുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും മൊബൈല്‍ പട്രോള്‍ സംഘവുമുണ്ടാകും. അതിര്‍ത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പരിശോധന ഉറപ്പാക്കുന്നതിന് ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അവിടങ്ങളില്‍ നിശ്ചിത പ്രവേശന കവാടങ്ങള്‍ മാത്രം അനുവദിക്കും. അനധികൃതമായി കടന്നുവരുന്നവര്‍ക്ക് കര്‍ശനമായ നിയമനടപടി നേരിടേണ്ടിവരും. അതിര്‍ത്തിയില്‍ പ്രദേശവാസികളല്ലാതെ ആളുകള്‍ തമ്പടിക്കുന്നത് ഒഴിവാക്കണം.
ചില ജില്ലകളില്‍ വാഹനഗതാഗതം വലിയതോതില്‍ ഉണ്ടാകുന്നത് ഒഴിവാക്കണം. തുറക്കുന്ന കടകളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടരുത്. ഇത് രണ്ടും ശക്തമായി തടയും.
ഐഡി കാര്‍ഡുകളുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍വിരുദ്ധ സമരത്തില്‍ പങ്കെടുത്തതായി ഒരിടത്തുനിന്ന് വാര്‍ത്ത വന്നു. ഈ ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത് അയോഗ്യതയ്ക്ക് കാരണമാകും. മുംബൈ ജസ്ലോക് ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച 27 സ്റ്റാഫ് നഴ്സുമാര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് പാര്‍പ്പിച്ചിട്ടുള്ളത് എന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ചിലയിടങ്ങളില്‍ വേനല്‍ മഴയെത്തുടര്‍ന്ന് പകര്‍ച്ചപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: