കോഴിക്കോട്: ഐസ്വാളിലെ രാജ്ഭവനില്‍ ഇപ്പോള്‍ രാപകല്‍ ഭേദമില്ല. മിസോറാമിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്ക് മേല്‍നോട്ടം വഹിക്കുന്നതിനോടൊപ്പം കേരളത്തില്‍ നിന്നുള്ള നിരവധി സഹായ ആവശ്യങ്ങള്‍ മലയാളിയായ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ തേടിയെത്തുന്നു.
ഏറ്റവുമൊടുവില്‍ മാതൃഭൂമി പത്രത്തിലെ മുതിര്‍ന്ന ജീവനക്കാരന്റെ ദല്‍ഹിയിലുള്ള സഹോദരന് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോള്‍ മക്കളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ടത് ഗവര്‍ണറുടെ ഓഫീസിലേക്ക്.
ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മുംബൈയില്‍ നിന്ന് മക്കളെ ദല്‍ഹിയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രാ പാസ് ലഭിക്കാനുള്ള പലശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ ബന്ധപ്പെടുന്നത്.
അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയെ ബന്ധപ്പെട്ടു. രോഗബാധിതനായ വ്യക്തിയുടെ മക്കളായ ജയകൃഷ്ണന്, ഹരിഗോവിന്ദന് നായര്‍ എന്നിവര്‍ക്ക് ഇതേ തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് ദല്‍ഹി വരെ കാറില്‍ യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി മഹാരാഷ്ട്ര ഡിജിപി നല്‍കിയത്. മക്കളെത്തിയതിന് ശേഷമാണ് അച്ഛനെ രാജീവ്ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കുന്നത്.
നാഗാലാന്‍ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് സഹായം ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയക്കുകയായിരുന്നു. ഉടന്‍തന്നെ ശ്രീധരന്‍പിള്ള നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്. രവിയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികദേഹം നാട്ടിലെത്തിച്ചു.
വൃക്ക ശസ്ത്രക്രിയക്ക് ശേഷം സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന സന്തോഷ് എന്ന യുവാവിന് മരുന്ന് ലഭിക്കാതെ വന്നപ്പോള്‍ ഗുവാഹത്തിയില്‍ നിന്ന് മരുന്ന് എത്തിക്കാനും രാജ്ഭവന് ഇടപെട്ടു. കൊല്ലത്തെ യുവമോര്‍ച്ച നേതാവ് വഴിയാണ് മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ വിവരമറിയുന്നത്. സംസ്ഥാന പോലീസ് ഡിജിപി മുഖേന ഗുവാഹത്തിയില്‍ നിന്നും മരുന്ന് എത്തിക്കുകയായിരുന്നു.
മിസോറാം ജനങ്ങള്‍ക്ക് കൊറോണ സ്ഥിരീകരണ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞ പി.എസ്. ശ്രീധരന്‍പിള്ള പ്രത്യേക താല്‍പ്പര്യമെടുത്ത് മിസോറാമിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനാ ലാബ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്കി. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനം വഹിക്കുമ്പോള്‍ ജനോപകാരപ്രദമായി എങ്ങനെ ഇടപെടാമെന്ന് തെളിയിക്കുകയാണ് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന് പിള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: