കോട്ടയം: മൊബൈല്‍ നമ്പറും ഒടിപിയും ഇല്ലാത്തതിന്റെ പേരില്‍ കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ആര്‍ക്കും ലഭിക്കാതെ പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. തുടര്‍ന്ന് അര്‍ഹരായ ഒരാള്‍ക്കും ഒടിപിയുടെ പേരില്‍ റേഷന്‍ നിഷേധിക്കരുതെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തു. അരി സ്റ്റോക്കില്ലെന്ന കാരണത്താലും റേഷന്‍ നിഷേധിക്കാന്‍ പാടില്ല.
കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണിലെത്തുന്ന ഒടിപിയുടെ അടിസ്ഥാനത്തില്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പരും ഒടിപിയും ഇല്ലാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒടിപിയുടെ പേരില്‍ റേഷന്‍ നിഷേധിക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.
എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരിയാണ് സൗജന്യമായി കേന്ദ്രം നല്‍കുന്നത്. ഇവരുടെ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ചിലപ്പോള്‍ നിലവില്‍ ഉണ്ടായിരിക്കില്ല. ചിലര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പരാണ് കൊടുത്തത്. കൂടാതെ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരും ഉണ്ട്. ഇതിന്റെ പേരില്‍ പാവങ്ങള്‍ക്ക് അരി കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: