സത്യത്തെ അറിയാന്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ ചിറകുകള് നേടണം. പരമസത്തയെ ആഗ്രഹിക്കുന്നവര്‍ ആ ചിറകുകള് ഉപയോഗിച്ച് ഈശ്വരനിലേക്ക് പറന്നു ചെല്ലണം. സത്ത് അസത്തായി ത്തീരുന്ന ആന്തരിക ശൂന്യതയെ പ്രാപിക്കണം.
സമ്പൂര്‍ണതയുടെ ഉച്ചനില സംഭവിക്കുന്നത് ശൂന്യതയുടെ അഗാധ ആഴങ്ങളിലാണ്. അസത്തയുടെ നിശ്ശബ്ദതയില്‍ നിന്നാണ് സത്തയുടെ സംഗീതം ഉല്‍ഭവിക്കുന്നത്. അപ്പോള്‍ അറിയാന്‍ കഴിയും താന്‍ തന്നെയാണ് ബ്രഹ്മത്തിന്റെ, ഈശ്വരന്റെ സാക്ഷാത്ക്കാരമെന്ന്. ചിന്തനത്തിലൂടെ ഇതുവരെ ആര്‍ക്കും സത്യത്തില്‍ എത്താനായിട്ടില്ല. ചിന്തയിലാണ് നമ്മള് ഇപ്പോഴും ജീവിക്കുന്നത്.
അവിടെ നിന്നും ചിന്തയില്ലായ്മയുടെ മണ്ഡലത്തിലേക്ക് (ധ്യാനത്തിലേക്ക്) കുതിച്ചു ചാട്ടം. നിശ്ശബ്ദതയല്ലാതെ മറ്റൊന്നും ഇല്ലാത്തൊരു ലോകത്തിലേക്ക്. ശബ്ദത്തില്‍ നിന്ന് നിശ്ശബ്ദതയിലേക്ക് ഈശ്വരനെ കണ്ടെത്തുന്നതിന് വലിയ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ സത്തയെ അറിയുന്നതിലൂടെ സത്യത്തെയും അറിയാനാകുന്നു. ഇവിടെയാണ് നമ്മുടെ ആത്മാന്വേഷണം തുടങ്ങേണ്ടത്. ബോധത്തെ ഉണര്‍ത്താന്‍ കഴിയുന്ന അന്വേഷണം കൂടാതെ സത്യസാക്ഷാത്ക്കാരം ഉണ്ടാകില്ല. ഈശ്വര സാക്ഷാത്ക്കാരം ഉണ്ടാകില്ല.
സത്യം സ്വയം വെളിപ്പെടുകയാണ്. സത്യത്തെ മതഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവില്ല. നമ്മുടെ ആത്മസത്തയിലാണ് അത് കണ്ടെത്താനാകുക. സത്യം സ്വയം നേടേണ്ട ജീവനുള്ള ഒരു അനുഭവമാണ്. ആത്മസത്തയുടെ ലോകത്ത് ആര്ജിക്കപ്പെടുന്നതെല്ലാം സ്വയം നമ്മിലൂടെ ആര്ജിക്കപ്പെടേണ്ടതാണ്. വള്ളം വെള്ളത്തില്‍ ഇറക്കാന്‍ മറ്റൊരാള്‍ തള്ളിത്തരുന്നതു പോലെയാണിത്. എന്നാല്‍ വള്ളം തുഴയേണ്ടത് തന്നത്താന്‍.
വാക്കുകളില്‍ നിന്നും സ്വതന്ത്രമായ ഒരു ബോധത്തിനു മാത്രമേ, സത്യത്തിന്റെ ഉത്തുംഗശൃംഗങ്ങളെ പ്രാപിക്കാനാവൂ. നമ്മുടെ വിശ്വാസത്തേക്കാള്‍ അനുഭൂതിക്കാണ് പ്രാധാന്യം. എത്രയെത്ര മനുഷ്യരുണ്ടോ അത്രയത്ര മാര്‍ഗങ്ങളും. പരമാര്‍ഥമായ സത്യം ഒന്നു മാത്രം. മാര്‍ഗങ്ങള്‍ പലതും. സത്യത്തെ അറിയുന്നവര്‍ ഭൂരിഭാഗവും മൗനികളായി കാണുന്നു. നിശ്ശബ്ദതയിലാണ് സത്യം നിലകൊള്ളുന്നത്. ആ നിശ്ശബ്ദത തന്നെയാണ് സത്യം.
സകലജനങ്ങളും പരസ്പരം സഹോദരങ്ങളാണ്. മതഗ്രന്ഥങ്ങളിലും ദേവാലയങ്ങളിലുമല്ല, സാക്ഷാല്‍ അനുഭൂതിയിലാണ,് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ് മതം അനുഭവപ്പെടേണ്ടത്. ആത്മാവില്‍ നമുക്കു തന്നെ അനുഭവമാകുമ്പോഴേ മതം ആരംഭിക്കുകയുള്ളൂ. മുക്തിക്ക് ഉതകുന്ന ജീവിതചര്യയാണ് മതം ആവശ്യപ്പെടുന്നത്. ആത്മവിചാരത്തിന് പ്രത്യേക സമയമോ, ദിവസമോ ഇല്ല. ജഗത്തിന്റെ ശോഭയ്ക്ക് നിദാനം മനസ്സു തന്നെയാണ്. ജീവാത്മാവ് തന്നെയാണ് പരമാത്മാവ്. മനസ്സും ജീവനും ഒന്നു തന്നെ.
മനഃശക്തി നിശ്ചലമാകുമ്പോള്‍ ആത്മാവായി. സച്ചിദാനന്ദ പരമാത്മാവു തന്നെ നമ്മില്‍ വിളങ്ങുന്ന ജീവന്. മനോവൃത്തികള്‍ നശിച്ച മനസ്സിന്റെ സ്ഥിതിയാണ് ആത്മാവിന്റേത്. ഈ ആത്മാവ് ഏകവും അനശ്വരവും അഖണ്ഡവുമാകുന്ന ശക്തിയാണ്. ഇത് മനസ്സിന് അപ്പുറമാണ് പക്ഷേ മനസ്സല്ല.
മനസ്സിനേക്കാള്‍ ശ്രേഷ്ഠം ബുദ്ധി, ബുദ്ധിയേക്കാള്‍ ശ്രേഷ്ഠം ആത്മാവ്. ആത്മാവിനെ അറിയണമെങ്കില്‍ ബുദ്ധിയുടെ സഹായത്താല്‍ മനസ്സ് നിശ്ചലമാക്കണം. എപ്പോഴും മനസ്സിനെ ആത്മാവുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിച്ച് ആത്മചൈതന്യത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ ആത്മജ്യോതിദര്ശനം അനുഭവമാകുന്നു. അതു തന്നെ ജീവന് മുക്തിപദം. അതാണ് മോക്ഷം. സ്വര്‍ഗരാജ്യം മരണശേഷമല്ല, ജീവിച്ചിരിക്കുമ്പോള്‍തന്നെ നേടേണ്ടതാണ്.
യോഗി
അവധൂതമിഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: