തിരുവനന്തപുരം: നാളെ മുതൽ മൂന്നിലൊന്ന് ജീവനക്കാർ ജോലിക്ക് ഹാജരാകാൻ റെയിൽവേയുടെ നിർദേശം. ട്രാക്ക്, സിഗ്നൽ മെയിന്റനൻസ് ഉൾപ്പെടെയുള്ള ജോലികൾക്കും ഓഫീസ് ആവശ്യങ്ങൾക്കുമായാണ് ജീവനക്കാരോട് എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവനക്കാർ സ്വന്തം വാഹനത്തിലോ ഔദ്യോഗിക വാഹനത്തിലോ ഒാഫീസിലെത്തണം. യാത്രാ ട്രെയിനുകളുടെ സർവ്വീസ് തുടങ്ങുന്നതിന് മുമ്പ് മഴക്കാലത്തിന് മുന്നോടിയായി ട്രാക്കുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും ക്ളിയറൻസ് ജോലികളും പൂർത്തീകരിക്കാനാണ് ജോലിക്കെത്താൻ ജീവനക്കാരോട് റെയിൽവേ നിർദേശിച്ചത്. ട്രാക്ക്, സിഗ്നൽ അനുബന്ധ ജോലികൾ സാമൂഹ്യ അകലം പാലിച്ച് ചെയ്യാനാണ് അനുമതി. ഇതിന് തൊഴിലാളികളെ അനുവദിച്ചു കിട്ടാൻ കരാറുകാർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും.
ഭിന്നശേഷിക്കാരായ ജീവനക്കാരെയും കോവിഡ് റെഡ് സോൺ മേഖലകളിലെ ഭരണവിഭാഗം ഒാഫീസുകളിലെ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഗുഡ്സ് ട്രെയിനുകൾ സർവീസ് നടത്തുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ ആവശ്യത്തിനുള്ള ജീവനക്കാർ ലോക്ക് ഡൗൺ കാലത്തും ഡ്യൂട്ടിയിലുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് പല സ്റ്റേഷനുകളിലായി ആഴ്ചകളായി നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും ഇപ്പോൾ നടത്താൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കൊവിഡ് ഭീതിയിലായിരിക്കെ ദീർഘദൂര സർവ്വീസുകളുൾപ്പെടെ ട്രെയിൻ ഗതാഗതം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായശേഷം പ്രധാനമന്ത്രിയാകും ഇക്കാര്യം വെളിപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: