കോവിഡ്19 ലോകരാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിനു ശേഷം യുഎഇ അവരുടെ തൊഴില്‍ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവന്നു. പുതിയ ഭേദഗതി പ്രകാരം ബിസിനസിനെ ബാധിച്ച ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരോട് ഓഫീസില്‍ വരാതെ ദൂരെയിരുന്നു ജോലിയെടുക്കാനും, ശമ്പളത്തോടുകൂടി അവധി അനുവദിക്കാനും അതുമല്ലെങ്കില്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാനും ഒക്കെ ആവശ്യപ്പെടാം.
ഇത് കൂടാതെ ശമ്പളം സ്ഥിരമായി കുറക്കാനും താത്കാലികമായി കുറക്കാനും കമ്പനിയിലെ തൊഴില്‍മേഖലയെ പുനഃക്രമീകരിക്കാനുമൊക്കെ അവകാശവും അധികാരവും നല്കുന്ന നിയമമാണിത്. തൊഴില്‍ മേഖല പുനഃക്രമീകരണമെന്നതില് ജോലിയില്‍ നിന്നും പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് തൊഴിലുടമക്ക് പോകാം. നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമമനുസരിച്ചു ഈ പറഞ്ഞതെല്ലാം നിയമവിരുദ്ധമായിരുന്നു. അതാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭേദഗതി ചെയ്തു യുഎയിയുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ അന്യരാജ്യ തൊഴിലാളികളെ ഒഴിവാക്കാനുള്ള പദ്ധതിക്ക് കളമൊരുക്കിയത്. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ സംബന്ധിയായ ധാരണാപത്രങ്ങള്‍ റദ്ദാക്കും എന്ന യുഎഇയുടെ പ്രസ്താവന ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം മനസിലാക്കാന്‍.
നിയമം വന്നതിനുശേഷം രാജ്യത്തെ ഒട്ടനവധി തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികളോട് ശമ്പളരഹിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുന്നു. അങ്ങനെ നിര്‍ബന്ധിത ശമ്പളരഹിത അവധിയില്‍ പ്രവേശിക്കേണ്ടിവരുന്ന തൊഴിലാളിക്കുവേണ്ട യാതൊരു സൗകര്യവും ഇവര്‍ കൊടുക്കുന്നില്ല. അതിനാല്‍ അവര്‍ ലേബര്‍ ക്യാമ്പുകളില്‍ പട്ടിണിയില്‍ കഴിയേണ്ടിവരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റും അതുപോലെ സന്നദ്ധ സംഘടനകളും ഇടപെട്ട് ഇവര്‍ക്കുള്ള ഭക്ഷണം കൊടുക്കുന്നുണ്ട്. തൊഴിലെടുത്ത് ജീവിക്കാന്‍ വന്നവര്‍ തങ്ങള്‍ക്കു യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത ഒരു രാജ്യത്തു തെരുവിലേയ്ക്ക് നിര്‍ദയം വലിച്ചെറിയപ്പെടുന്നു. തങ്ങളുടെ ജീവിതത്തെ ഇങ്ങനെ യാതൊരു മനുഷ്യാവകാശങ്ങളുമില്ലാതെ മൃഗതുല്യമായ അവസ്ഥയിലേക്ക് തള്ളിവിട്ട തൊഴിലുടമക്കെതിരെ പരാതിപ്പെടാന്‍ പോലുമാവാതെ ലേബര്‍ ക്യാമ്പുകളുടെ ഇരുട്ടില്‍ അപമാനിതനായി ജീവിക്കുന്നു. ആരാണ് ഈ അവസ്ഥയുണ്ടാക്കിയത്? എന്തുകൊണ്ടാണ് തൊഴിലുടമകളെ അവരുടെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിവാക്കിയ നിയമം അത് ദുരുപയോഗം ചെയ്യപ്പെടുമെന്നറിഞ്ഞിട്ടുകൂടി യുഎഇ നടപ്പിലാക്കിയത്? ഉത്തരമില്ലാത്ത ഈ ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് യുഎഇയിലെ സാധാരണ പ്രവാസി തൊഴിലാളി.
പത്തും പതിനഞ്ചും തൊഴിലാളികളെ ഒരു മുറിയില്‍ താമസിപ്പിച്ചു പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കുന്ന ഈ തൊഴിലുടമകളെ അല്ല ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും കുറ്റം പറയുന്നത് മറിച്ചു ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയെയാണ്. ഇവരെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ട തൊഴിലുടമയെ അവന്റെ ഉത്തരവാദിത്വത്തില്‍ നിന്നും നിര്‍ദയം മാറ്റിനിര്‍ത്തിയ ഭരണകൂടത്തിന് നേരെയുമല്ല ഇവര്‍ വിരല്‍ ചൂണ്ടുന്നത് മറിച്ചു രാജ്യത്തെ ജനങ്ങളെ കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമം ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെയാണ്. ഇതെന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി വന്നു. യുഎഇയിലുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുവാന്‍ ഭാരത സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആ ഹര്‍ജി മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരളമുസ്ലിം കള്‍ചറല്‍ സെന്റര്‍ എന്ന സംഘടന കൊടുത്തത്. അതാകട്ടെ യുഎഇയില്‍ രജിസ്ട്രേഷന് ഉള്ള ചുരുക്കം ചില സംഘടനകളിലൊന്നാണ്. അതില്‍ പറയുന്നു യുഎഇയില്‍ പ്രവാസി തൊഴിലാളികള്‍ ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നെന്ന്. എന്നാല്‍ എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് പറയുന്നുമില്ല. യുഎഇയിലെ ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തത ഇവര്‍ക്ക് വിഷയമല്ല, യുഎഇയിലെ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കുള്ള മാസ്ക, കൈയുറ തുടങ്ങിയവയ്ക്കുള്ള ക്ഷാമം ഇവര്‍ക്ക് പ്രശ്നമല്ല. മറിച്ചു ഇവരുടെ പ്രശ്നം പ്രധാനമന്ത്രി ഉടനെ തന്നെ ലോക് ഡൗണ്‍ പിന്‍വലിച്ച് യുഎഇയില്‍ ഉള്ളയാളുകളെ തിരികെ കൊണ്ടുവരണം എന്നതാണ്. എന്താത്മാര്‍ത്ഥതയാണ് ഇവര്‍ക്ക് രാജ്യത്തോടുള്ളത്. നേരെ മറിച്ച് ഇന്ത്യയില്‍ നിന്നും ഒരു മെഡിക്കല്‍ സംഘത്തെ യുഎഇയില്‍ അനുവദിക്കണമെന്ന് യുഎഇ ഭരണാധികാരികളോട് ആവശ്യപ്പെടാന്‍ പോലും ഇവര്‍ക്ക് മടിയാണ് അല്ലെങ്കില്‍ ഭയമാണ്. അതായതു സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് യുഎഇ, തൊഴിലുടമകളെ അനുവദിച്ചതിനുള്ള പ്രത്യുപകാരമായി മാത്രമേ കെഎംസിസിയുടെ ഈ നീക്കത്തെ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
ഇനി യുഎഇയില്‍ എന്താണ് നടക്കുന്നെതെന്ന് നോക്കാം. അവിടെ ധാരാളം ടെസ്റ്റുകള്‍ നടത്തുന്നുണ്ട് എന്നത് അംഗീകരിച്ചാല്‍ തന്നെ പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ട് എന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു വ്യത്യസ്ത തന്ത്രങ്ങളാണ് പിന്തുടരുന്നത്. രോഗം ബാധിച്ചവരെ കണ്ടെത്താനുള്ള ശക്തമായ നടപടികളും ഐസൊലേഷന്‍ മെത്തേഡുകളും ജനങ്ങളുടെ സഹകരണവുമൊക്കെ ഉപയോഗിച്ചൊരു വലിയ നിയന്ത്രണമാണ് രാജസ്ഥാനിലെ ഭില്‍വാരയിലും കേരളത്തിലുമൊക്കെ നടത്തുന്നത്. നെതര്‍ലന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും സാമൂഹ്യ പ്രതിരോധം ലക്ഷ്യമാക്കി പരിമിതമായ നിയന്ത്രണങ്ങളോടെ മുന്നോട്ടു പോകുന്നു. അവരുടെ ചെറിയ ജനസംഖ്യയും മെച്ചപ്പെട്ട ഹെല്‍ത്ത് റിസോര്‍സുകളും അതിനവരെ സഹായിക്കുമെന്ന് അവര്‍ കരുതുന്നു. ആദ്യം ഈ ആശയവുമായി മുന്നോട്ടുപോയ യുകെ അടക്കമുള്ള രാജ്യങ്ങള്‍ മരണമടയാന്‍ സാധ്യതയുള്ളവരുടെ എണ്ണവുമായി ബന്ധപ്പെട്ട കണക്കുകള്‍ കണ്ടു പിന്തിരിയുകയാണുണ്ടായത്. പക്ഷെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്തരമൊരു ആശയം വലിയ പരുക്കുകളില്ലാതെ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. രാജ്യത്തെ ജനങ്ങളില്‍ 85% പേരും പുറം രാജ്യങ്ങളില്‍നിന്നുള്ള തോഴിലാളികളാണ്. അവരില്‍ത്തന്നെ 99% പേരും 18-55 വയസ്സിനു ഇടയിലുള്ളവരാണ്. മരണനിരക്ക് വളരെ കുറവാകാനാണ് സാധ്യത. ഇതുവരെയുള്ള കണക്കു പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാണ്. ഇന്നുവരെ ഏതാണ്ട് അയ്യായിരത്തോളം കേസുകള്‍, 22 മരണം. അതായതു 0.6 ആണ് മരണനിരക്ക്. വിദേശ പൗരന്മാരുടെ ആണെങ്കിലും മരണം കൃത്യമായി അതാതു രാജ്യങ്ങളെ അറിയിക്കേണ്ടതുണ്ട് എന്നതിനാല്‍, മരിച്ച ആളുകളുടെ എണ്ണം കൃത്യമായിരിക്കും എന്ന് അനുമാനിക്കാം. പക്ഷെ ഇതുവരെ പോസിറ്റീവ് ആയ കേസുകള്‍ ഇതിന്റെ എത്രയോ ഇരട്ടി ആയിരിക്കും. ആ കണക്കു കൂടി പറഞ്ഞാല്‍ മരണനിരക്ക് വീണ്ടും താഴേക്ക് പോകും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുന്നു എന്നതാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. വസ്തുതകള്‍ ഇതായിരിക്കെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരണമെന്ന മുറവിളിക്കുപിന്നിലുള്ള ഉദ്ദേശശുദ്ധി സംശയത്തിനിടനല്‍കുന്നു.
അഡ്വ. മധുസൂദനന് അരൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: