ന്യൂദല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിച്ചശേഷം പ്രവാസികളെ മടക്കിയെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊറോണ അല്ലാതെ മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ എത്തിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആഗ്രഹമെന്നും വി. മുരളീധരന്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുന്നു. കൊറോണ പരിശോധനയ്‌ക്കും ക്വാറന്റൈന്‍ ചെയ്യാനുമുള്ള സൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്‌ക്ക് പരിഗണിക്കുക, ഒരു മാസത്തിനകം ആവശ്യമുള്ള എല്ലാവര്‍ക്കും നാട്ടിലെത്താന്‍ സാഹചര്യമൊരുക്കുക എന്നിങ്ങനെ മുഖ്യമന്ത്രി പങ്കിട്ട ആഗ്രഹം തന്നെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനുമുള്ളത്.
എന്നാല്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ചുകൊണ്ട് ഇക്കാര്യം നടപ്പാക്കാനാകില്ല. കൊറോണ വ്യാപനം തടയുന്നതിനാകണം ആദ്യ പരിഗണന. ലോക്ഡൗണ്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതില്‍ എല്ലാവരുടെയും സഹകരണം ഈ ഘട്ടത്തില്‍ അനിവാര്യമാണ്. പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ രാഷ്‌ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്.
ദുബായില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ഇന്ത്യ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 70 മുറികളുള്ള ഒരു ഹോട്ടല്‍ എംബസി എടുത്തിട്ടുണ്ട്. മെഡിക്കല്‍ സംഘത്തെ കുവൈറ്റിലേക്കയച്ചിട്ടുണ്ട്. അതാതു രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രമേ അവിടുത്തെ ആരോഗ്യമേഖലയിലെ വിഷയങ്ങളില്‍ ഇടപെടാനാവൂ, മുരളീധരന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വേണം വിമാനമിറങ്ങുമ്പോള്‍ മുതലുള്ള ഓരോ നടപടിയുമെടുക്കാന്‍. പ്രവാസികള്‍ക്ക് വീട്ടിലെത്താന്‍ വഴിയൊരുക്കുന്നത് വൈകുന്നത് ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഏറ്റവുമൊടുവില്‍ മതി വിമാന സര്‍വീസ് എന്ന് കേരളത്തിന്റെ കര്‍മസമിതി തയ്യാറാക്കിയ മാര്‍ഗരേഖയിലും പറയുന്നുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: