കൊയിലാണ്ടി: ലോക്ക് ഡൗണ്‍ കാലത്തെ പൊതുവിലക്കുകള് ഗജ പരിപാലനത്തെയും സാരമായി ബാധിച്ചു തുടങ്ങി. ആനകള്‍ക്ക് നല്കുന്ന മുഖ്യഭക്ഷണമായ പനമ്പട്ടകളുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്ന് പനമ്പട്ട എത്തിക്കാനാവാത്തതാണ് ആനപ്രേമികകളായ സംരക്ഷകര്‍ക്ക് വിനയായത്.
ഉത്സവാഘോഷങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീണതോടെ മേഖലയിലെ മിക്ക ഗജവീരന്മാരും ആഴ്ചകളായി വിശ്രമത്തിലാണിപ്പോള്‍. ഉത്സവവേളകളില്‍ സുലഭമായിരുന്ന പനമ്പട്ട തങ്ങളുടെ മെനുവില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് ഗജകേസരികളെ അലോസരപ്പെടുത്തുന്നതായും പരിപാലകര്‍ ചൂണ്ടിക്കാട്ടുന്നു. പനമ്പട്ടയുടെ ക്ഷാമം നാട്ടിന് പുറങ്ങളിലെ ചക്ക, നാടന്പഴവര്ഗ്ഗങ്ങള് എന്നിവയിലൂടെ പരിഹരിക്കാനാണ് പരിപാലകരുടെ ശ്രമം.
മലബാറിന്റെ ഗജറാണിയായ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീദേവി ശ്രീലകത്തിന് വേണ്ടി കഴിഞ്ഞ ദിവസം മനയടത്ത് പറമ്പിലെ ആനപ്രേമികളായ യുവാക്കളുടെ കൂട്ടായ്മ ഒരു ലോഡ് ചക്കയും വാഴത്തണ്ടയും പഴങ്ങളുമാണ് എത്തിച്ചത്. പനമ്പട്ട ഏറെ ഇഷ്ടമുള്ള ശ്രീദേവി മാറിയ ഭക്ഷണ രീതിയോട് പൊരുത്തപ്പെടുമെന്നാണ്സംരക്ഷകനായ കളിപ്പുരയില്‍ രവീന്ദ്രന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: