തിരുവനന്തപുരം: കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സൂം വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ഭീഷണി മുന്നറിയിപ്പ് വരുന്നതിനു മുമ്പ് തന്നെ സ്വതന്ത്ര സോഫ്റ്റ്വെയര് പ്ലാറ്റ്ഫോമില്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനം ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & ടെക്നോളജി എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ആദ്യ ഘട്ടത്തില്‍ സ്വതന്ത്ര വെബ് കോണ്‍ഫെറെന്‍സിങ് പ്ലാറ്റ്ഫോം ആയ ‘ബിഗ് ബ്ലൂ ബട്ടണ്‍’ (BigBlueButton) ഓണ്‍ലൈന്‍ പഠനത്തിനും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം കസ്റ്റമൈസ് ചെയ്തിരിക്കുന്നത് .
ഇതില്‍ വീഡിയോ കോണ്ഫറന്സിങ്ങിനു പുറമെ സ്ക്രീന്‍ ഷെയറിങ്ങ്, മള്‍ട്ടീ യൂസര്‍ വൈറ്റ്ബോര്‍ഡ്, പബ്ലിക് ചാറ്റ്, ഷെയേര്‍ഡ് നോട്ട്സ് തുടങ്ങിയവയും ലഭ്യമാണ്. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പരുവപ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ട് അധ്യാപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു വെബ് കോണ്‍ഫറന്‍സിങ്ങ് സോഫ്റ്റ്വെയറാണിത്. ഒരു അധ്യാപകന് താന്‍ തയാറാക്കിയ സ്ലൈഡുകള്‍, വീഡിയോകള്‍, ഓഡിയോകള്‍, പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറിന്റെ ഡെസ്ക് ടോപ്പ് (സ്ക്രീന്‍ ഷെയറിങ് ) തുടങ്ങിയവ വിദ്യാര്‍ത്ഥികളുമായി തത്സമയം പങ്കു വയ്ക്കുന്നതിന് സഹായകരമാണ് ഈ സോഫ്റ്റ്വെയര്. അതോടൊപ്പം ഇതിലെ പ്രസന്റേഷന് ഏരിയ ഒരു വൈറ്റ് ബോര്‍ഡ് ആയും ഉപയോഗിക്കാം.
ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ക്കായി കൈറ്റ് രൂപകല്പന ചെയ്ത ‘കൂള്‍(KOOL -KITE’s Open Online Learning) എന്ന ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവുമായി ഇത് ഇന്റഗ്രേറ്റ് ചെയ്തു കഴിഞ്ഞു. അതോടൊപ്പം തന്നെ, സര്‍വ്വര്‍ കസ്റ്റമൈസേഷനുള്ള പ്രവര്‍ത്തനങ്ങളും സ്വതന്ത്രമായി ലഭ്യമായിട്ടുള്ള ‘സോഴ്സ് കോഡ് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. തുടര്‍ന്ന് കൈറ്റ് തയാറാക്കിയിട്ടുള്ള ‘സമഗ്ര’ പോര്‍ട്ടലിലും ഈ സൗകര്യം എല്ലാ അധ്യാപകര്‍ക്കുമായി ലഭ്യമാകും.
പൊതുവിദ്യാലയങ്ങളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്ട്വെയര് പ്രയോജനപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സ്കൂളുകള്‍ക്കായി പുറവെടുവിച്ചിട്ടുള്ള സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലും മറ്റു സ്വകാര്യ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നതതും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ന്നും ഇതിനായി ജിറ്റ്സി (jitsi) പോലുള്ള സ്വതന്ത്ര സോഫ്ട്വെയറുകളുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങളും കൈറ്റ് നടത്തി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: