ജനീവ: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ച രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 22 ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,57,501 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. 56517 പേരുടെ നില ഗുരുതരമാണ്.
ജപ്പാനില്‍ ഇന്നലെ 503 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പന്ത്രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ആകെ 9878 രോഗികളും 161 മരണങ്ങളുമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഒരു മാസത്തിലധികമായി പൂട്ടിയിരുന്ന ഡെന്മാര്ക്കിലെ സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.
അമേരിക്ക
അമേരിക്കയില്‍ ഇന്നലെ 2424 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 34641 ആയി. 33,040 പേര്‍ക്കു കൂടി ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 6,78,210 ആയി. അതേസമയം, രാജ്യത്ത് രോഗ വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന തലം പിന്നിട്ടു കഴിഞ്ഞെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാമെന്നും ട്രംപ് വ്യക്തമാക്കി.
വൈറസ് ബാധ ഏറ്റവും ശക്തമായ ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,26,198 കവിഞ്ഞു. 16,106 മരണം റിപ്പോര്‍ട്ട് ചെയ്തു. ന്യൂജഴ്സിയില്‍ 3518 പേരും മിഷിഗനില്‍ 2093 പേരും മാസച്ചൂസറ്റ്സില് 1245 പേരും മരിച്ചു. രാജ്യത്ത് 13,369 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. 57,844 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്ക ഗ്വാട്ടിമാലയിലേക്ക് നാടു കടത്തിയ 44 കുടിയേറ്റക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
സ്പെയ്ന്‍
സ്പെയിനില്‍ 19,315 പേര് മരിച്ചു. ഇന്നലെ ഇരുനൂറോളം പേര് മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ മരണ നിരക്കില്‍ കുറവുണ്ടായി. രോഗികളുടെ എണ്ണം 1,84,948 ആയി. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 2132 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 74,797 പേര് രോഗമുക്തരായി. 7371 പേര് രാജ്യത്ത് അപകടനിലയിലുണ്ട്. 10 ലക്ഷം പേരെ സ്പെയ്ന്‍ പരിശോധനയ്ക്ക് വിധേയരാക്കി.
ഇറ്റലി
ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 21,645 കവിഞ്ഞു. ഇന്നലെ മാത്രം 525 പേര് മരിച്ചു. 1,68,941 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തത് 3786 പേര്‍ക്ക്. 40,164 പേര്‍ക്ക് കൊറോണ ഭേദമായി. 2794 പേര് ഗുരുതരാവസ്ഥയില്‍.
ഇറാനില്‍ രണ്ടാം വരവ്
ഇറാനില്‍ കൊറോണയുടെ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന തരത്തില്‍ വൈറസ് ബാധയും മരണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ മരണസംഖ്യ രണ്ടക്കം കടന്നു. ഏറ്റവുമാദ്യം കൊറോണ വ്യാപിച്ച രാജ്യങ്ങളിലൊന്നായ ഇറാനില്‍ പു
തിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 52,229 പേര്‍ക്കും രോഗം ഭേദമായിരുന്നു. എന്നാല്‍, ഇന്നലെ 92 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 4869 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 77,995 ആയി. 3,10,340 പേരെയാണ് ഇറാന് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ കൊറോണ ബാധിതര്‍ 1,65,027 ആയി. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് 17,164 പേര്‍ക്ക്. ഇതുവരെ 17,920 പേര് മരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 753 മരണങ്ങള്. 32,815 പേര്‍ക്ക് രോഗം ഭേദമായി. 6248 പേരുടെ നില ഗുരുതരമാണ്.
ജര്‍മനി
ജര്‍മനിയിലെ രോഗികളില്‍ കൊറോണയുടെ പ്രത്യുത്പാദന ഘടകമായ ആര് നമ്പര്‍ ഒന്നിനേക്കാള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒരാളില്‍ നിന്ന് രോഗം പകരുന്നവരുടെ എണ്ണം ഒന്നിനേക്കാള്‍ താഴെയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ജര്‍മനിയില്‍ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 289 പേരാണ്. മരണസംഖ്യയില്‍ നേരിയ കുറവുണ്ട്. ആകെ 4093 പേര് മരിച്ചു. ഇന്നലെ 3382 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,38,135 ആയി. 81,800 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര് ഗുരുതരാവസ്ഥയിലാണ്.
ബ്രിട്ടന്
ബ്രിട്ടനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,03,093 രോഗികളാണ് രാജ്യത്തുള്ളത്. 4617 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം കണ്ടെത്തി. ഇന്നലെ 861 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13,729 ആയി. 1559 പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: