ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വിവിധ കേന്ദ്രപദ്ധതികള്‍ വഴി കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 872 കോടി രൂപ. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസ് ജന്മഭൂമിക്ക് നല്കിയ ഇന്നലെ വരെയുള്ള കണക്ക് പ്രകാരമാണ് ഈ തുക.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ ലഭിച്ച 26,69,643 പേരാണ് കേരളത്തിലുള്ളത്. 533.92 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ കേരളത്തില്‍ രണ്ടായിരം കോടിരൂപയാണ് കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കിയത്. ഇതുവരെ ഓരോ കര്‍ഷകനും കേന്ദ്രസര്‍ക്കാര്‍ 8000 രൂപ വീതം അക്കൗണ്ടില്‍ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ വിതരണം ചെയ്തത് 120.57 കോടി രൂപയാണ്. 24,11,446 ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കാണ് അഞ്ഞൂറ് രൂപ വീതം ലഭിച്ചത്. 24,36,965 പേരാണ് ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍. ബാക്കിയുള്ള 25,519 പേരുടെ അക്കൗണ്ടില്‍ കൂടി വരും ദിവസങ്ങളില്‍ പണമെത്തും.
ദേശീയ സാമൂഹ്യസഹായ പദ്ധതി വഴി ദിവ്യാംഗര്‍ക്കും വിധവകള്‍ക്കുമടക്കം നല്കുന്ന 500 രൂപ കേരളത്തില്‍ ലഭിച്ചത് 6,88,329 പേര്‍ക്കാണ്. ഈയിനത്തില്‍ 34.42 കോടി രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.
നിര്‍മാണ തൊഴിലാളി ഫണ്ട് 15 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വിതരണം ചെയ്തത്. ആയിരം രൂപ വീതമാണ് നിര്‍മാണ മേഖലയിലെ എല്ലാവര്ക്കും ലഭിച്ചത്. 150 കോടി രൂപ ഇതിനായി വിതരണം ചെയ്തു കഴിഞ്ഞു.
ഇതിന് പുറമേയാണ് ഇപിഎഫില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള അനുമതിയുടെ പ്രയോജനം ഉപയോഗിച്ച കേരളത്തിലെ തൊഴിലാളികളുടെ എണ്ണം. കേരളത്തില്‍ 9,853 പേരാണ് ഇത്തരത്തില്‍ പണം പിന്‍വലിച്ചത്. 33.08 കോടി രൂപ ഇവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. രാജ്യത്ത് 3.31 ലക്ഷം ഇപിഎഫ് അംഗങ്ങള്‍ക്കായി 946.49 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: