നിങ്ങളെല്ലാവരും കൂടി ഇങ്ങനെ ചോദ്യം ചോദിക്കുവാണേല്‍ നാളെ മുതല്‍ ഞാനീ കളിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് പിണങ്ങിപ്പോയിരിക്കുന്നു. സീരിയലുകള്‍ നിലച്ച കൊറോണക്കാലത്തെ വൈകുന്നേരങ്ങളില്‍ വീട്ടമ്മമാരുടെ ആകാംക്ഷയെ വല്ലാണ്ട് പെരുപ്പിച്ചിരുന്ന ആ വൈകുന്നേര കലാപരിപാടിക്ക് തല്ക്കാലം വിട. ഇനി നമുക്ക് ഇടവേളകളില്‍ കാണാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പാര്ട്ടിക്കാര് കൂടുന്ന മൈതാനങ്ങളില്‍ വിരട്ടലും വിലപേശലും കണ്ണുരുട്ടലുമായി ബ്രണ്ണന്‍ വാളിളക്കി കലി തുള്ളിയാടിയ പഴയ വിജയന്റെ നിഴല്‍ പോലുമില്ലായിരുന്നു കഴിഞ്ഞ ദിവസം പിണങ്ങിപ്പോയ വിജയന്. പിണറായി വിജയനെ പിണങ്ങാറായി വിജയന് എന്ന് പേരിട്ട് വിളിച്ച കേരളത്തിലെ മിമിക്രി കലാകാരന്മാരെ സമ്മതിക്കണം.
കൊലയാളിയാണ്, കണ്ണില്‍ച്ചോരയില്ലാത്തവനാണ്, നിരപരാധികളുടെ ചോര വീഴ്ത്താന്‍ മടിയില്ലാത്തവനാണ് എന്നൊക്കെ നിരവധിയാണ് കേരളമുഖ്യമന്ത്രിക്ക് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കൊലപാതക രാഷ്ട്രീയത്തെ പക്ഷം നോക്കി ന്യായീകരിച്ച് വിജയന് അതൊക്കെ ശരിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. പ്രളയത്തിലും ഓഖിയിലും നിപ്പയിലുമൊക്കെ വിജയന് വേഷം നിത്യവിശുദ്ധന്റെതായിരുന്നു. സംഗതി ഉഡായിപ്പാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകും വരെ വിജയന് സ്വന്തം ബാലെ ടീമിനെക്കൊണ്ട് പരമകാരുണികന്റെ കഥ പാടിയും ആടിയും കാലം കഴിക്കും. പ്രളയത്തിന്റെയും ഓഖിയുടെയുമൊക്കെ കാര്യത്തില്‍ പിടിവീണത് ദുരന്തം കഴിഞ്ഞിട്ടായിരുന്നു. ഡാം തുറന്നുവിട്ടപ്പോള്‍ വെള്ളം ഒഴുകിയ വഴിക്ക് നിയന്ത്രണമില്ലാത്തതുപോലെയായിരുന്നു പ്രളയഫണ്ട് ഒഴുകിപ്പോയ വഴിയും. എല്ലാം കഴിഞ്ഞ് പ്രളയവും ഫണ്ടുമെല്ലാം പലവഴി പോയിക്കഴിഞ്ഞാണ് വിശുദ്ധന്റെ വലിപ്പം ജനമറിഞ്ഞത്.
കൊറോണയില്‍ പക്ഷേ പിടി വീണത് അല്പം നേരത്തെയായിപ്പോയി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറമ്മയായി പിആര്‍ വര്‍ക്കിലൂടെ ഇരച്ചുകയറുമ്പോഴാണ് പണ്ടേ തയ്ച്ചുവെച്ച പ്രധാനമന്ത്രിക്കുപ്പായമിട്ട് തമ്പ്രാന്റെ വരവ്… കുന്നിനെ മീതെ പറക്കാനായിരുന്നു ഇപ്പോഴും ശ്രമം. ചീഫ് സെക്രട്ടറിയെയും റവന്യൂമന്ത്രിയെയും ടീച്ചറമ്മയെയും കാഴ്ചക്കാരാക്കി ചുറ്റുമിരുത്തി എല്ലാ വൈകുന്നേരവും പിണറായി സഖാവ് തന്റെ ലോലഹൃദയം പുറത്തെടുത്തുകാണിച്ചു. ഓരോ ദിവസവും പുതിയ പുതിയ അറിവുകള്‍ കൊണ്ട് മാലോകരെ വിസ്മയം കൊള്ളിച്ചു. പട്ടിണിക്കാരെക്കുറിച്ച്, കര്‍ഷകരെക്കുറിച്ച് മുതല്‍ തെരുവുനായ്ക്കളെയും ക്ഷേത്രസങ്കേതങ്ങളിലെ കുരങ്ങന്മാരെയും കുറിച്ചുവരെ കരുണാമയന്‍ ഗദ്ഗദ്കണ്ഠനായി… അതിനിടയില്‍ നാലരക്കോടി എറിഞ്ഞ് വെബ്സൈറ്റ് നവീകരിച്ചു, ഹെലികോപ്റ്റര്‍ വാങ്ങാന്‍ പണം വേറെയെറിഞ്ഞു, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് വരെ വീടുകളില്‍ അണുനശീകരണം നടത്താന്‍ ലക്ഷങ്ങള്‍ അനുവദിച്ചു… പിന്നെയും വിജയന് പാവങ്ങളെ ഓര്‍ത്ത് ലോലമാനസനായി…
ലോലമാനസന് ആരെയും എന്തും പറയാം… തിരിച്ച് ചോദിക്കരുത്, പറയരുത്… ചില പാര്‍ട്ടി സാഹിത്യകാരന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മരണം പത്തിവിടര്‍ത്തിയാടുന്ന മഹാമാരിയുടെ കാലത്ത് പിണറായി സഖാവിന്റെ മുഖത്തുനോക്കി സ്പ്രിങ്ക്ളര്‍ എന്ന് പറയാമോ? അമ്മാതിരി വികൃതമാനസന്മാര്ക്ക് ലോലമാനസന്റെ ഹൃദയവികാരം അറിയില്ല. അത് അറിയണമെങ്കില്‍ ആലപ്പുഴക്കാരന് തോമസ് ഐസക്കിനോട് ചോദിക്കണം. വള്ളവും വലയും ഉള്ള പണവും പോയി കടാപ്പുറത്ത് എന്റെ വല, എന്റെ വള്ള, എന്റെ പണം എന്ന് അലമുറയിടുന്ന ചെമ്പന്‍കുഞ്ഞിന്റെ ചേല്ക്കാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ കോലം… പുള്ളി പറഞ്ഞുതരും പിണറായി മുതലാളിയുടെ സങ്കടങ്ങള്‍…
അതൊന്നും പക്ഷേ ചോദ്യമാക്കരുത്, ചോദിക്കരുത്… മിണ്ടൂല്ല. ഇനീം മിണ്ടണമെന്ന് പറഞ്ഞാല്‍ പിന്നെ കാണാന്‍പോലും കിട്ടൂല്ല… അതാണ് പിണറായി… ഓഖിയടിച്ച കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ പങ്കായം കണ്ടാണ് പണ്ടൊന്ന് ഓടിയത്. ഇപ്പോള്‍ പങ്കായം പോയിട്ട് പേനാക്കത്തി പോലും കൈയിലില്ലാത്ത പാവം കുറേ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നാണ് മുഖ്യന്റെ ഓട്ടം… ആളെ നന്നായിട്ട് മനസ്സിലായിക്കഴിഞ്ഞ കേരളത്തിന്റെ മുന്നില്‍ നിന്ന് എവിടെ വരെ ഓടാനാണ് പിണറായി. സ്പ്രിങ്ക്ളിട്ട് ചെമ്പന്‍കുഞ്ഞ് വെട്ടിയ സ്ഥിതിക്ക് കിഫ്ബിക്ക് വെട്ടി മറുകടകത്തിനുള്ള പ്ലാനിലാണ് ലോലമാനസന് എന്ന് കേള്‍ക്കുന്നു… കൊറോണ വരും, വന്ന വഴിക്ക് പോകും… പക്ഷേ പിണറായി..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: