മുഖ്യമന്ത്രി പിണറായി വിജയന്റെ കടക്ക് പുറത്ത് ശൈലി ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുന്നു. പക്ഷേ, അല്പം ഭേദഗതിയുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി തന്നെ സ്വയം പുറത്ത് കടക്കുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ദിവസവും വൈകിട്ട് ആറ് മണിക്ക് തുടങ്ങി ഒരു മണിക്കൂര്‍ നീളുന്ന പത്രസമ്മേളനം ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കാരണം ഇത്രയും ദിവസങ്ങള്‍ രോഗവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അനുബന്ധ ചോദ്യങ്ങളുമാണ് നേരിട്ടതെങ്കില്‍ ഇപ്പോള്‍ സംഗതി ഏതാണ്ട് കൈവിട്ട മട്ടാണ്. സ്പ്രിങ്ങ്ളര്‍ കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റേയോ രക്ഷപെടുന്നതിന്റേയോ ഭാഗമായിട്ടാണ് വാര്‍ത്താസമ്മേളനം തന്നെ വേണ്ട എന്നുവച്ചത്. മറച്ചു വയ്ക്കാന്‍ ഒന്നും ഇല്ല, എല്ലാം സുതാര്യം എങ്കില്‍ ഈ ഒളിച്ചോട്ടം ജനാധിപത്യഭരണ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ല.
കോവിഡ് പ്രതിരോധത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സംവിധാനമുള്ള സ്ഥാപനമാണ് സ്പ്രിങ്ങ്ളര്‍ എന്നുമാണ് കരാറുമായി ബന്ധപ്പെട്ട് പിണറായി വിജയന് നല്കുന്ന വിശദീകരണം. ഈ കമ്പനി നല്കുന്ന സേവനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ല എന്നും പറയുന്നു. കോവിഡ്-19 ബാധിച്ച വ്യക്തികളുടെ ബയോമെട്രിക്കല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ യുഎസ് കമ്പനിയായ സ്പ്രിങ്ങ്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറാണ് പ്രതിച്ഛായ നന്നാക്കാന്‍ ഇറങ്ങിയ പിണറായിക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരോടും എന്തിനേറെ സാധാരണക്കാരായ അണികളോടും വരെ മാറി നില്‍ക്കങ്ങോട്ട്, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് നാളിതുവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഞാന്‍ പറയും, നിങ്ങള്‍ കേള്‍ക്കും. മറിച്ചൊരു ചോദ്യം വേണ്ട എന്നതായിരുന്നു രീതി. ഓ, തമ്പ്രാ എന്ന് ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേടിലായിരുന്നു മാധ്യമപ്രവര്‍ത്തകരും.
ഈ ശൈലി കാരണം പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്ന് തിരിച്ചറിവുണ്ടായ സമയത്തുതന്നെ വീണു കിട്ടിയ അവസരമാണ് കോവിഡ് 19 വൈറസ് വ്യാപന കാലം. ആ അവസരം മുതലാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ പിണറായി വിജയന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യതയേറി. കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എത്ര സൗമ്യന്‍, ക്ഷോഭിക്കുന്ന ഭാവം ഇപ്പോള്‍ കാണുന്നതേയില്ല എന്നൊക്കെ സാധാരണക്കാര്‍ വിചാരിച്ചതില്‍ തെറ്റില്ല. അത്ര മനോഹരമായി അദ്ദേഹം ആ പിആര്‍ ജോലി നിര്‍വഹിച്ചു. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ക്കാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കുന്നതിനുള്ള ചുമതല. അങ്ങനെയുള്ളപ്പോഴാണ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം കണ്ടെത്തിയത്. മാധ്യമപ്രവര്‍ത്തകരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന മുഖ്യമന്ത്രിയെ ചിരിക്കുന്ന മുഖത്തോടെ കാണാന്‍ പൊതുജനത്തിന് കഴിഞ്ഞതും അപ്പോഴാണ്. സെക്രട്ടേറിയേറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനത്തിന് പോലും ഈ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മന്ത്രിസഭായോഗ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാതെ യോഗ തീരുമാനങ്ങള്‍ പ്രസ്താവനകളിലൂടെ അറിയിച്ചുകൊണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കുന്നതായിരുന്നു രീതി. സെക്രട്ടേറിയേറ്റില്‍ മുന്‍കാലങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്ന ഹോള്‍ ഒഴിവാക്കിക്കൊണ്ട് താഴത്തെ നിലയില്‍ ഒരു മുറി അതിനായി സജ്ജമാക്കുകയായിരുന്നു എല്ലാം സുതാര്യം എന്നവകാശപ്പെടുന്ന ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ ചെയ്തത്. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ആരോപണം ഉന്നയിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
എല്ലാ അര്‍ത്ഥത്തിലും പ്രതിച്ഛായ നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ പിടിവള്ളിയായിരുന്നു കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനം. അതിനിടയിലാണ് സ്പ്രിങ്ങ്ളര്‍ എന്ന കുരുക്ക് സ്വയം എടുത്ത് കഴുത്തിലണിഞ്ഞത്. വ്യക്തികളുടെ അരോഗ്യ സംബന്ധമായ വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കൈമാറാന്‍ പാടുള്ളതല്ല. അത് പൗരാവകാശ ലംഘനം കൂടിയാണ്. വ്യക്തികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ തന്നെ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഭരണസംവിധാനത്തിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കും. മന്ത്രിസഭയുടെ അംഗീകാരം കരാറിന് ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ധനവകുപ്പിന്റേയും നിയമ വകുപ്പിന്റേയും ശ്രദ്ധയില്‍ വന്നതിന് ശേഷമാണോ കരാറില്‍ ഒപ്പുവച്ചത് എന്ന കാര്യത്തിലും അവ്യക്തത നിലനില്ക്കുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ കമ്പനിയെന്ന ചീത്തപ്പേരുള്ള സ്പ്രിങ്ങ്ളര്‍ പോലൊരു കമ്പനിക്ക് കരാര്‍ എന്തിന് നല്കി എന്നതാണ് മറ്റൊരു ചോദ്യം. സേവനം എത്ര സൗജന്യമാണെങ്കിലും സേവനദാതാവിന്റെ പശ്ചാത്തലവും ഒരു ഘടകമാണ്.
വ്യക്തികളുടെ വിവര ശേഖരണം എന്നത് ഇന്ന് കോടികള്‍ വിലമതിക്കുന്ന ഒരു ബിസിനസാണ്. വ്യക്തികളുടെ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ ചോര്‍ത്താവുന്ന വിധത്തില്‍ സാങ്കേതിക വിദ്യ പുരോഗമിച്ചിരിക്കുന്നു. അങ്ങനെയിരിക്കെയാണ് വ്യക്തിവിവരങ്ങള്‍ ഒരു സര്‍ക്കാര്‍ തന്നെ, ദാ എടുത്തോളൂ എന്ന് പറഞ്ഞു വിദേശ കമ്പനിക്ക് വച്ചുനീട്ടുന്നത്. ഈ കരാറുമായി ബന്ധപ്പെട്ട് ഒന്നും ഒളിപ്പിക്കാന്‍ ഇല്ലെങ്കില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ നേരിടുകയും അതിന് വ്യക്തമായ ഉത്തരം തെളിവുകള്‍ സഹിതം നല്‍കുകയുമാണ് വേണ്ടത്. ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം എന്തൊക്കെയോ മറച്ചുപിടിക്കുന്നു എന്നതിന് തെളിവാണ്. അതല്ലാതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടോ, അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ പെരുമാറിയിട്ടോ കാര്യമില്ല. ഇതല്ല ജനം മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇറങ്ങിയ മുഖ്യമന്ത്രി ഇപ്പോള്‍, ഓരിയിട്ടപ്പോള്‍ തനിനിറം പുറത്തുവന്ന, നീലച്ചായത്തില്‍ വീണ കുറുക്കന്റെ അവസ്ഥയിലാണ്.
ഏറ്റവും നിര്‍ണായകമാണ് ലോക്ഡൗണിന്റെ രണ്ടാം ഘട്ടം എന്നിരിക്കെ, ഈ അവസരത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മാറിനില്‍ക്കുന്നത് പൊതുജനത്തോട് കാണിക്കുന്ന നിഷേധാത്മകമായ സമീപനമാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ ജനം വിശ്വസിക്കുക മുഖ്യമന്ത്രിയുടെ വാക്കുകളാണ്. അത് മറന്നുപോകരുത്. അല്ലാത്തപക്ഷം മുഖംമൂടി ധരിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്ന ഈ വേളയില്‍ പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞുവീണുവെന്ന് അവര്‍ വ്യാഖ്യാനിക്കും. അതിന് അദ്ദേഹം ഇടകൊടുക്കാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: