കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി അറസ്റ്റിലായ അദ്ധ്യാപകന് പത്മരാജന്റെ ഭാര്യ വി.വി. ജീജ ഡിജിപിക്ക് പരാതി നല്കി. മുസ്ലീം ലീഗ്, എസ്ഡിപിഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ കേസില്‍ ഉണ്ടായെന്നും അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്ക്കൂളില്‍ ഉണ്ടായിട്ടില്ല. അതു മൊബൈല്‍ ഫോണിന്റെ ലോക്കേഷന്‍ അടക്കം പരിശോധിച്ചാല്‍ തെളിയും. അതുപോലെ ക്ലാസ് മുറിയില്‍ നിന്നു രണ്ടര മീറ്റര്‍ മാത്രം അകലെയുള്ള ശുചിമുറിയില്‍ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്നും പരാതിയിലുണ്ട്. പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വാട്ട്സാപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുവെന്നതിനാല്‍ ആ ഫോണ്‍ പരിശോധിക്കേണ്ടതാണ്.
ഏറെ ദുരൂഹത നിറഞ്ഞതാണ് കുട്ടിയുടെ മൊഴി എന്ന് പരിശോധനയില്‍ മനസിലാക്കാം. പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ വ്യക്തമാക്കി. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച് വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും പണം നല്കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.
നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ തനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധ്യാപകനെ അന്യായമായാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂവെന്നും ചൂണ്ടിക്കാട്ടി പത്മരാജന്റെ നീതിക്കുവേണ്ടിയെന്ന പേരില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരണം ശക്തമായി.
രണ്ട് തവണ പീഡനം നടന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകളെല്ലാം ഒരേ കോണില്‍ നിന്നു കെട്ടിച്ചമച്ചതാണെന്നും സാഹചര്യത്തെളിവുകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സഹാധ്യാപികയടക്കം ആദ്യഘട്ടത്തില്‍ നല്കിയ മൊഴികള്‍ പിന്നീട് പിന്‍വലിച്ചത് കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജന് മാസ്റ്റര്‍ സ്വീകരിച്ച നിലപാട് മതതീവ്രവാദ ശക്തികളുടെ അപ്രിയത്തിന് കാരണമായിരുന്നുവെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നേരെയുണ്ടായിരുന്ന ഭീഷണിയുടെ തുടര്‍ച്ചയാണ് അറസ്റ്റ് എന്നും വ്യക്തമാണ്. ആദ്യം കേസന്വേഷിച്ച പാനൂര്‍ സിഐ ഇതെല്ലാം തിരിച്ചറിഞ്ഞിരുന്നുവെന്നും വ്യക്തമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്ന് പത്മരാജന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ അറസ്റ്റുണ്ടാകില്ലെന്ന ഉത്തമ ബോധ്യത്തിലാണ് പത്മരാജന് മാസ്റ്റര്‍ നാട്ടില്‍ കഴിഞ്ഞതെന്നും എന്നാല്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കളളക്കഥയുണ്ടാക്കി ചിലര്‍ അറസ്റ്റിന് വഴിയുണ്ടാക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: