ജോഹന്നാസ്ബര്‍ഗ്: കോവിഡ് 19 അടുത്തതായി വ്യാപിക്കാന്‍ സാധ്യതയുള്ളത് ആഫ്രിക്കയെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രമാതീതമായാണ് കൊറോണ വൈറസ് പടര്‍ന്ന് വ്യാപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഫ്രിക്കയില്‍ മാത്രം 18,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1000ഓളം പേര് മരണമടയുകയും ചെയ്തിട്ടുണ്ട്. നിലവിലെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും യുഎസിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് തോന്നുമെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് പെട്ടന്ന് പടര്‍ന്ന് പിടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം കോവിഡിനെ നേരിടാന്‍ ആഫ്രിക്കയ്ക്ക്് ഒരുപാട് പരിമിതികളുണ്ട്്. മതിയായ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പോലും ഇവിടെയില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്ക, ഐവറികോസ്റ്റ്, നൈജീരിയ, കാമറൂണ്‍,ഘാന എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് നിലവില്‍ വൈറസ് വ്യാപിച്ചു കഴിഞ്ഞു. മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആഫ്രിക്ക രോഗമുക്തി നേടാന്‍ സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.
ഒരുപാട് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനുളള ആരോഗ്യ സംവിധാനങ്ങളില്ലാത്തതിനാല്‍ രോഗം ചികിത്സിച്ചുഭേദമാക്കുക എന്നതിനേക്കാള്‍ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ അനുപാതം കുറയ്ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.
സിംബാബ്വേയിലെ ഒരു പത്രപ്രവര്‍ത്തകനാണ് ആഫ്രിക്കയില്‍ ആദ്യം മരണമടഞ്ഞത്. അദ്ദേഹത്തെ പരിചരിക്കാന്‍ വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ശുദ്ധമായ വെള്ളവും സോപ്പും ലഭിക്കാത്ത ഇടങ്ങളില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: