തിരുവനന്തപുരം: ഒറ്റ രാത്രികൊണ്ട് ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവന്‍ സ്പ്രിംഗ്ളര്‍ കമ്പനിയുടെ കൈവശം എത്തിയെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായി കുമ്മനം രാജശേഖരന്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിംഗ്ളര്‍ക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ‘ഡാറ്റ ഉള്ളവന് രാജാവാണ്’ എന്നത് ആധുനിക സമൂഹത്തില്‍ മുഴങ്ങി കേള്‍ക്കുന്ന മുദ്രാവാക്യമാണ്. അത് മനസ്സിലാക്കിയ അമേരിക്കന്‍ മുതലാളിത്ത മൂലധന ശക്തികള്‍ കേരളത്തെ തങ്ങളുടെ മേച്ചില്‍ സ്ഥലമായി കണ്ടെത്തിയത് സ്വാഭാവികം മാത്രം. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഇക്കൂട്ടര്‍ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തില്‍ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. നമ്മുടെ മുഖ്യമന്ത്രി അവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് രാജകീയ സ്വീകരണം നല്കി എതിരേറ്റു.
കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവന്‍ വിവരങ്ങളും യാതൊരുവിധ ഉപാധികളുമില്ലാതെ കൈമാറി. ഇതോടെ കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സര്‍വ്വവിവരങ്ങളും സ്പ്രിംഗ്ളര്‍ എന്ന ഐറ്റി ഭീമന്റെ കീശയിലായി. ഈ കമ്പനിക്ക് എന്താണ് ഇത്ര വല്യ മഹത്വം? സ്പ്രിംഗ്ളറിനോളം കഴിവും കെല്‍പ്പുമുള്ള സ്ഥാപനങ്ങള്‍ നമുക്കില്ലേ ? ഐറ്റി മിഷന് , സി ഡാക് , കെല്‍ട്രോണ്‍ ,നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റെര് , തുടങ്ങിയ സ്ഥാപനങ്ങളുടെ ഡെവലപ്പര്‍മാര്‍ സ്പ്രിംഗ്ളറിനേക്കാള്‍ മെച്ചപ്പെട്ട വൈദഗ്ധ്യം പുലര്‍ത്തുന്നവരും ഇത്തരം ഒരു അപ്പ്ലിക്കേഷന് നിര്‍മ്മിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരുമാണ്. അവരെയെല്ലാം ഒഴിവാക്കി ഒരു വിദേശ കമ്പനിയുടെ മുന്പില് എല്ലാ വിവരങ്ങളും വലിച്ചെറിഞ്ഞു കൊടുത്ത കേരള സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റത്തില്‍ വിചാരണ നേരിടേണ്ടതാണ്.
ഒരു പൗരനെ സംബന്ധിച്ച് വിവരങ്ങള്‍ (ഡാറ്റ) അയാള്‍ അറിയാത്ത മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ ഒറ്റ രാത്രികൊണ്ട് ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവന്‍ സ്പ്രിംഗ്ളര്‍ കമ്പനിയുടെ കൈവശം എത്തി. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിംഗ്ളര്‍ക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം ?
ഇതിനിടയിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘടനയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് പറയുന്നത് 3.30 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വില്‍ക്കാനുണ്ടെന്നാണ്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റേഡിയോ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും 1500 ആളുകളുടെ ഈമെയിലും വിലാസവും പാസ്സ്വേര്‍ഡും ചോര്‍ന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
ഹൈടെക്ക് സ്കൂളിന്റെ സര്‍വ്വേ വിവരങ്ങളും വിദേശത്തേക്ക് ചോര്‍ന്നുപോകുമെന്ന ഭയാശങ്കയിലാണ് വിദ്യാഭ്യാസ രംഗത്തുള്ളവര്‍. വിദേശത്തുള്ള ഇന്റല്‍ കോര്‍പറേഷനും ഒഹായൊ സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന സര്‍വ്വേ സുതാര്യമല്ലെന്ന് പരാതിയുണ്ട്. ഏതൊരു വിദേശ ഏജന്‍സിയുമായും കരാര്‍ ഉണ്ടാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. പക്ഷെ അതും ഉണ്ടായില്ല. ഡാറ്റ വാണിജ്യമേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരുടെ ഇരയാണ് കേരളം. ഡാറ്റ എന്നത് നിധിയാണ്. സ്വര്‍ണ്ണമാണ്. അതുള്ളവന് ലോകം ഭരിക്കും. അതിനുവേണ്ടിയുള്ള മത്സര ഓട്ടത്തില്‍ കേരള സര്‍ക്കാര്‍ കൊള്ളലാഭക്കാരുടെയും ഡാറ്റ മാഫിയയുടെയും കരുവായി.മണ്ണ് മാഫിയയും മണല്‍ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തില്‍ ശക്തം. മുഖ്യമന്ത്രി നിസാരവല്‍സരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്പനയുടെ ഗൗരവം കുറയില്ല. സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സര്‍ക്കാര്‍ ഇതിനെല്ലാം സമാധാനം പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: