സഹസ്രകോടികളുടെ കണക്കു പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാരിന്റെ അഭ്യാസങ്ങള്‍ ഈ ദുരന്തകാലത്തും തുടരുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 20,000 രൂപ വരെ വായ്പ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വെറുംവാക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊറോണ പാക്കേജിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുമെന്ന് പറഞ്ഞിട്ടുള്ളത്. 2000 കോടി രൂപ ഇതിനായി മാറ്റിവച്ചു എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവിധ ജില്ലകള്‍ക്കായി ഇതിനു വേണ്ടി മാറ്റിവച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്തായത്. ഓരോ ജില്ലയിലും രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് വായ്പയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. പതിനാല് ജില്ലകളിലും ചുരുങ്ങിയത് രണ്ടരലക്ഷം കണക്കാക്കിയാല്‍ മൊത്തം 35 ലക്ഷം അപേക്ഷകര്‍. ഇവര്‍ക്കെല്ലാവര്‍ക്കും 2000 കോടി രൂപ വീതം വച്ചാല്‍ ഒരാള്‍ക്ക് 6000 രൂപ പോലും കൊടുക്കാന്‍ കഴിയില്ല.
35 ലക്ഷം പേര്‍ക്ക് 10,000 രൂപ വീതമെങ്കിലും വായ്പ നല്കണമെങ്കില് കുറഞ്ഞത് 3500 കോടി രൂപ വേണ്ടി വരുമെന്നര്‍ത്ഥം. പ്രഖ്യാപനം നടത്തി കൈയടി വാങ്ങിയ ശേഷം പദ്ധതി കുളത്തിലിറക്കുന്ന പരിപാടിയാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. വായ്പക്ക് അപേക്ഷിച്ചവരില്‍ പരമാവധി പേരെ പാര്‍ട്ടി സംവിധാനവും സിഡിഎസ്, അയല്‍ക്കൂട്ട ചുമതലക്കാരെയും ഉപയോഗിച്ച് അപേക്ഷകള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുമുണ്ട്. വിവിധ കാരണങ്ങള്‍ പറഞ്ഞ് വായ്പാ അപേക്ഷകരെ അനര്ഹരാക്കുമെന്നും ഉറപ്പാണ്. 1000 രൂപയില്‍ കൂടുതല്‍ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തവരും അയല്‍കൂട്ടത്തില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ വായ്പകള്‍ എടുത്തിട്ടില്ലാത്തവരുമായ കുടുംബശ്രീ അംഗങ്ങളെ മാത്രമേ വായ്പയ്ക്ക് പരിഗണിക്കുകയുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. മൂന്നുമാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അയല്കൂട്ടയോഗത്തില് പങ്കെടുക്കാത്തവര്‍, മറ്റ് വായ്പകളുടെ തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയിലധികമുള്ള ധനസഹായത്തിന് അര്‍ഹരായവരോ അവരുടെ കുടുംബത്തിലുള്ളവരോ എന്നിവരും ഈ വായ്പയ്ക്ക് അര്‍ഹരല്ല.
ലോക്ഡൗണ്‍ കാലത്ത് മൂന്നുമാസത്തേക്ക് കേന്ദ്രം 1000 രൂപ അധികപെന്‍ഷന്‍ നല്‍കുന്നുണ്ട്. അത് വാങ്ങുന്നവര്‍ സ്വാഭാവികമായും വായ്പയ്ക്ക് അര്‍ഹരാകില്ല. മാത്രമല്ല, വായ്പ ആവശ്യമുള്ള സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങള്‍ സ്വാഭാവികമായും കിട്ടാവുന്ന വായ്പകളെല്ലാം വാങ്ങുന്നവരായിരിക്കും. അതുകൊണ്ടു തന്നെ മൂന്ന്് വായ്പകളില്‍ കൂടുതല്‍ എന്ന പരിധിക്കുള്ളില്‍ പെടുന്നവരായിരിക്കും അപേക്ഷകരില്‍ കൂടുതലും. ഇങ്ങനെ നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ലോക്ഡൗണിന്റെ കഷ്ടതകളനുഭവിക്കുന്നവരില്‍ ഒരു വലിയ വിഭാഗം സര്‍ക്കാരിന്റെ വായ്പാപദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നില്ല.
മാത്രമല്ല, നൂറ് ശതമാനം തിരിച്ചടവ് കണക്കാക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ നല്‍കുന്നത് ബാങ്കുകളാണ്. ഈ പദ്ധതിയുടെ നടത്തിപ്പിലൂടെ അര്‍ഹരായവര്‍ക്ക് വായ്പ ലഭിക്കാതിരിക്കാനുള്ള ഇടപെടല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ചുരുക്കം. ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വീതം ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക പൂര്‍ണമായും കേന്ദ്രത്തില്‍ നിന്നുള്ളതാണ് എന്നതിനാല്‍ ആ പ്രഖ്യാപനവും പൊള്ളയാണെന്ന് പറയാതിരിക്കാനാവില്ല.
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജില്‍ കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 14,000 കോടിയും ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശികയായ കോടികളുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ബാക്കിവരുന്ന ചെറിയ തുക കൊറോണ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് എത്രകണ്ട് ഉപകരിക്കുമെന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. 9 ശതമാനം പലിശ ഈടാക്കിക്കൊണ്ട് പാവപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കുന്ന വായ്പയില്‍ ഒളിഞ്ഞുകിടക്കുന്ന കള്ളക്കള്ളിയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കുറേ കോടികളുടെ കണക്കുകള്‍ അവതരിപ്പിച്ച് പാക്കേജ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഭ്യാസം തിരിച്ചറിയാനുള്ള ബുദ്ധി കേരള ജനതയ്ക്കുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: