കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 19 ന് ദുബായില്‍ നിന്നെത്തിയ 20 വയസ്സുള്ള ചെമ്മനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡിഎംഒ ഡോ.എ വി രാംദാസ് അറിയിച്ചു.
കാസര്‍കോട് 8380 പേര് നീരീക്ഷണത്തിലുണ്ട്. ഇതില്‍ വീടുകളില്‍ 8266 പേരും ആശുപത്രികളില്‍114 പേരുമാണ് നീരിക്ഷണത്തിലുള്ളത്.കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ 61 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആകെ 2707 സാമ്പിളുകളാണ് അയച്ചത്. അതില്‍ 1992 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 429 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 24 പേര് തുടര്‍ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജില്ലാശുപത്രിയില്‍ നിന്ന് 3 പേരും ജനറല്‍ ആശുപത്രിയില്‍ നിന്ന് 16 പേരും മെഡിക്കല്‍ കോളേജ് ഉക്കിനടുകയില്‍ നിന്ന് 5 പേരുമാണ് ഇന്നലെ ഡിസ്ചാര്‍ജ്ജായത്. ഇന്നലെ കൊവിഡ് 19 രോഗമുക്തരായവരില്‍ 8 പേര് സമ്പര്‍ക്ക പട്ടികയിലുള്ളവരും 16 പേര് വിദേശത്ത് നിന്ന് വന്നവരുമാണ്. ആകെ കൊറോണ പോസിറ്റീവ് ചെയ്യപ്പെട്ട 168 കേസുകളില്‍ 65 എണ്ണം സമ്പര്‍ക്കത്തിലൂടെയും 103 എണ്ണം വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്.
സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അതില്‍ കോവിഡ് പോസിറ്റീവ് കേസുമായി സമ്പര്‍ക്കമുള്ള 16 പേരെയും സമ്പര്‍ക്കമില്ലാത്ത 71പേരെയും പരിശോധനക്ക് റെഫര്‍ ചെയ്തിട്ടുണ്ട്. ജില്ലയില്‍ 1016 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. രോഗവിമുക്തരാകുന്നവരും അവരുടെ കുടുബാംഗങ്ങളും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: