തിരുവനന്തപുരം: ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ എന്ന മാരക രോഗം കണ്ടെത്താന്‍ പുതിയ പരിശോധനാ സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി. ചെലവു കുറഞ്ഞ, എന്നാല്‍ കൂടുതല്‍ കൃത്യമായ, കുറഞ്ഞ സമയം കൊണ്ട് രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം ലോകത്താദ്യമായാണ് കണ്ടെത്തുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനു പകരമുള്ളതാണ് പുതിയ പരിശോധനാ സംവിധാനം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.
ചിത്രാ ജീന്‍ ലാംപ് എന്‍
സാഴ്സ് കോവ് 2 എന്ന വൈറസാണ് കൊറോണ( കോവിഡ് 19) പരത്തുന്നത്. ഈ വൈറസ് കടന്നുകയറുന്ന ശരീര കോശങ്ങളിലെല്ലാം, അവ തങ്ങളിലുള്ള ന്യൂക്ലിക് ആസിഡും കുത്തിവയ്ക്കും. കോശങ്ങളില്‍ ഈ ആസിഡ് കെണ്ടത്തി, സാഴ്സ് കോവ് 2 വൈറസിന്റെ എന്‍ ജീനിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ടെസ്റ്റാണ് പുതിയതായി കണ്ടെത്തിയത്.
റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് ( ആര് ടി ലാംപ്) എന്നാണ് സാങ്കേതികവിദ്യ അറിയപ്പെടുന്നത്. വൈറസിന്റെ എന്‍ എന്ന ജീന്‍ കണ്ടെത്തുന്ന വിദ്യ വികസിപ്പിച്ചത് ശ്രീ ചിത്രയായതിനാല് ചിത്രാ ജീന്‍ ലാംപ് എന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ എന്‍ ജീനിനെ കണ്ടെത്തി രോഗം നിര്‍ണയിക്കുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റാണിത്. എന്‍ ജീനിന്റെ രണ്ടു മേഖലകള്‍ കണ്ടെത്താന്‍ ഈ കിറ്റ് വഴി കഴിയും. അതിനാല്‍ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകമാറ്റം വന്നാലും രണ്ടാമത്തെ മേഖല കൃത്യമായി കണ്ടെത്താന്‍ കഴിയും. അതിനാല്‍ ഒരൊറ്റ തവണ പരിശോധന നടത്തിയാല്‍ മതിയാകും( നിലവിലുള്ള പിസിആര്‍ ടെസ്റ്റ് രണ്ടെണ്ണം നടത്തിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ).
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
പുതിയ പരിശോധനാ സംവിധാനത്തിന്റെ കൃത്യത ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ നിദ്ദേശപ്രകാരമായിരുന്നു ഇത്. പരിശോധനയില്‍ ഇത് നൂറ് ശതമാനം കൃത്യമാണെന്ന് തെളിഞ്ഞു. അമേരിക്കയുടെയും ജപ്പാന്റെയും കണ്ടെത്തലുകളെ പിന്തള്ളിയാണ് ശ്രീചിത്ര മുന്നിലെത്തിയത്.
ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീന് ഉപയോഗിച്ച് വന്‍തോതില്‍ പരിശോധനകളും നടത്താം. ജീനിന്റെ സാന്നിധ്യം കണ്ടെത്താന്‍ വെറും പത്തു മിനിറ്റ് മതി.
മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കി ഫലം ലഭ്യമാക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ട. ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ പരിശോധനാ സൗകര്യം സജ്ജീകരിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഇതിനു വേണ്ടി സാമ്പത്തിക സഹായം നല്‍കിയത്.
ആയിരം രൂപ മാത്രം
പരിശോധനക്കുള്ള ഉപകരണത്തിന് രണ്ടര ലക്ഷം രൂപയാണ് ചെലവ്. ഒരു പരിശോധനാ കിറ്റിന് ആയിരം രൂപയില്‍ താഴെ മാത്രം. നിലവിലുള്ള പിസിആര്‍ പരിശോധനാ യന്ത്രത്തിന് വില 15 മുതല്‍ 45 ലക്ഷം രൂപ വരെയാണ്. കിറ്റിന്റെ വില 2500 രൂപയും.
വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: