കോട്ടയം: കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജയിച്ചവര്‍ പുഞ്ചരിയോടെ മെഡിക്കല്‍ കോളേജില്‍ തുടര്‍ പരിശോധനകള്‍ക്കായി എത്തി. മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ കൊറോണ മുക്തരായ റാന്നി സ്വദേശി തോമസ് (93),ഭാര്യ മറിയാമ്മ,സ്റ്റാഫ് നേഴ്സ് രേഷ്മ മോഹന്‍ദാസ് എന്നിവരാണ് പരിശോധനകള്‍ക്കായി വന്നത്.
പരിശോധനയ്ക്കൊപ്പം തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും നേരില്‍ കാണാന്‍ കൂടിയായിട്ടാണ് തോമസും മറിയാമ്മയും എത്തിയത്. സാമൂഹിക അകലം പാലിച്ച് ഇരുവരോടും അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ കുശലാന്വേഷണം നടത്തി. മൂന്ന് പേരുടെയും ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം വിലയിരുത്തി.ഹൃദയ സംബന്ധമായ അസുഖമുള്ള തോമസിന് ഹൃദ്രോഗ വിദഗ്ധര്‍ പരിശോധന നടത്തി.
ഏപ്രില്‍ 3ന് ഡിസ് ചാര്‍ജ് ചെയ്യപ്പെട്ട തോമസും മറിയാമ്മയും ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കി.ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാണെന്ന് രേഷ്മ പറഞ്ഞു. ചികിത്സിച്ച ദിവസങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നവരെ നേരില്‍ കണ്ടപ്പോള്‍ ഇരുവരുടെയും മനസുനിറഞ്ഞു. ഇരുവരെയും ചികിത്സിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് ഇവര്‍ക്കൊപ്പം രോഗമുക്തയാവുകയും ചെയ്ത സ്റ്റാഫ് നേഴ്സ് രേഷ്മയെയും കണ്ടതോടെ ആഹ്ലാദം ഇരട്ടിയായി.
രോഗമുക്തി നേടിയ പ്രായം കൂടിയ ദമ്പതികളെന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതിലുള്ള സന്തോഷം തോമസ് പങ്ക് വച്ചു. സുഖമല്ലേ എന്ന ഡോക്ടര്‍മാരുടെ ചോദ്യത്തിന് അതേ എന്ന് തോമസും മറിയാമ്മയും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല വിശപ്പ് അല്പം കൂടുതലാണെങ്കിലേയുള്ളു എന്ന തോമസിന്റെ മറുപടി ചിരി പടര്‍ത്തി. ഇവിടം ഒത്തിരി ഇഷ്ടമാണ്. ഒരാഴ്ചകൂടി വേണമെങ്കില്‍ താമസിക്കാം എന്ന് പറഞ്ഞാണ് അവര്‍ യാത്രയായത്. മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ.ആര്.സജിത്ത് കു മാര്‍, ഡോ.ആര്.പി.രഞ്ജിന്, ഡോ.ഹരികൃഷ്ണന്, ഡോ.അനുരാജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: