ഇസ്ലാമബാദ് : സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രാര്‍ത്ഥന നടത്തുമെന്ന് പരസ്യമായി ആഹ്വാനം നടത്തി പാക് മുസ്ലിം പുരോഹിതര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരരുതെന്ന്് ഇമ്രാന് ഖാന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് മുസ്ലിം പുരോഹിതര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപകമായിട്ടും ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ ആദ്യം തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതേസമയം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ സജീവമായി നടത്തിയിരുന്നു. മാസ്ക് പോലും ധരിക്കാതെയായിരുന്നു ഇവര്‍ ഒത്തുകൂടിയിരുന്നത്.
എന്നാല്‍ പള്ളികള്‍ അടച്ചിടുന്നതും പ്രാര്‍ത്ഥന ഒഴിവാക്കുന്നതും അംഗീകരിക്കാനാവില്ല. അതുകൊണ്ട് പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോകുകയാണെന്ന് മുസ്ലിം പണ്ഡിതര്‍ മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്ത് അറിയിക്കുകയായിരുന്നു. ആരാധനാലയങ്ങളിലെ വിലക്കിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച റാവല്‍പിണ്ടിയിലും ഇസ്ലാമാബാദിലും അമ്പതിലേറെ പുരോഹിതന്മാര് ഒത്തുകൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മതപുരോഹിതരുമായി പ്രധാനമന്ത്രി ഇമ്രാന് ഖാന് ചര്‍ച്ച നടത്താനിരിക്കെയാണ് തീരുമാനം. നിലവില്‍ 5,988 പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 107 പേര് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: