ന്യൂയോര്‍ക്ക്: മാനവരാശിക്ക് സമാനതകളില്ലാത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് അനുദിനം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സമാരംഭിച്ച പ്രതിവാര ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യജ്ഞം , ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസി സച്ചിദാനന്ദ സ്വാമി ഉത്ഘാടനം ചെയ്തു. ഭയചകിതരായി ആശങ്കയേറുന്ന മനസ്സുമായി കഴിയാതെ , അഭയമേകി ആനന്ദമരുളുന്ന പരബ്രഹ്മ സത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും , ഗുരുദേവന് അരുളിച്ചെയ്ത പഞ്ചശുദ്ധി പരിപാലിക്കുകയുമാണ് ഈ അവസരത്തില്‍ ഏറ്റവും അഭികാമ്യമായിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു .
ഗുരുദേവ ചിന്തകളും ദര്‍ശനങ്ങളും പരിചിന്തനം ചെയ്യുവാനും പ്രയോഗികവല്‍ക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി ഈ അവസരത്തെ വിനിയോഗിക്കേണ്ടതാണന്ന് ഋതംഭരാനന്ദ സ്വാമി തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയുണ്ടായി. നാനാ വിധ ഭേദചിന്തകളുടെയും അന്തസ്സാര ശൂന്യത ഒരിക്കല്‍ കൂടി വെളിവാക്കുന്ന ഈ ഒരു സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ വിവിധ ശ്രേണികളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് ഒരേ തരത്തില്‍ ഭീഷണിയായിരിക്കുന്ന മഹാവ്യാധി പലവിധ തിരിച്ചറിവുകളുടെയും കാലമാണന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഇത്തരത്തിലൊരു ആശയത്തിന് നേതൃത്വം നല്കിയ ഗുരുപ്രസാദ് സ്വാമി , ഗുരുദേവ ദര്‍ശനത്തിന്റെ ഗരിമ പാശ്ചാത്യലോകത്തേക്ക് പ്രസരിപ്പിക്കുക എന്ന ഉദാത്തമായ ഉള്‍ക്കാഴ്ചയോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്ന സന്ദര്‍ഭമാണിതെന്ന് പ്രത്യേകം പ്രസ്താവിച്ചു. . ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ പരസ്പരം സഹകരിച്ചുകൊണ്ട് സമസ്ത സഹജീവികള്‍ക്കും സ്വാന്തനമേകുവാനുള്ള പരിശ്രമങ്ങള്‍ നടത്തണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം , മുന്‍കരുതലുകള്‍ , പ്രതിവിധികള്‍ , വെല്ലുവിളികള്‍ തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് ആശ്രമം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആരോഗ്യമേഖലയിലെ വിദഗ്ദയുമായ പ്രസന്ന ബാബു ന്യൂയോര്‍ക്ക് വിശദമായി സംസാരിച്ചു.
പ്രസാദ് കൃഷ്ണന് ,
പി.ആര്. ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: