ചേര്‍ത്തല: മുരളിയുടെ ദുരിതത്തിന് ഇതുവരെ പരിഹാരമായില്ല. ആ ദുരിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ സന്മനസ് കാണിക്കുന്നുമില്ല. ഇതോടെ, ശൗചാലയത്തിലാണ് ഇദ്ദേഹം അന്തിയുറങ്ങുന്നത്.
എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാളേകാട്ട് വീട്ടില്‍ മുരളി(47)യാണ് തലചായ്‌ക്കാനിടമില്ലാതെ ശൗചാലയത്തില്‍ അന്തിയുറങ്ങുന്നത്. ഷീറ്റുകൊണ്ട് കെട്ടിമറച്ച ഒറ്റമുറി വീട്ടില്‍ സഹോദരിമാരായ ശോഭനയോടും ലീലയോടുമൊപ്പമാണ് ഇദ്ദേഹത്തിന്റെ താമസം. ഡ്രൈവറായിരുന്ന മുരളി ഓടിച്ചിരുന്ന വാഹനം 24 വര്‍ഷം മുന്‍പ് അപകടത്തില്‍പെട്ടതോടെയാണ് ദുരിതം തുടങ്ങുന്നത്. തുടയില്‍ നിന്ന് മാംസമെടുത്താണ് അന്ന് ചികിത്സ നടത്തിയത്. പിന്നീടിങ്ങോട്ട് മുരളിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍പെട്ട വലതുകാല്‍ ഇടയ്‌ക്കിടെ പഴുക്കുന്നതാണ് ഇദ്ദേഹത്തെ വലയ്‌ക്കുന്നത്.
മാസങ്ങളോളമെടുക്കും കാല് ഉണങ്ങാന്‍. വര്‍ഷത്തില്‍ ആറ് മാസവും ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. പീലിങ് ഷെഡില്‍ പോകുന്ന സഹോദരിമാരാണ് കുടുംബത്തിന്റെ ആശ്രയം. ലോക്ഡൗണില്‍ പീലിങ് ഷെഡുകള്‍ അടച്ചതോടെ കുടുംബം പട്ടിണിയിലായി.
അഞ്ച് സെന്റ് ഭൂമിയാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. 10 വര്‍ഷം മുന്‍പ് ഇവരുടെ അമ്മ ഗൗരിയുടെ പേരില്‍ പഞ്ചായത്ത് വീടിനായി ആദ്യ ഗഡു പണം നല്‍കി. തറകെട്ടി പൂഴി നിറച്ചു. അമ്മ മരിച്ചതോടെ വീട് പണി നിലച്ചു. പിന്നീട് പലതവണ ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍, വീടിന് ഇപ്പോള്‍ പണം നല്‍കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലൈഫില്‍പ്പെടുത്തി വീട് നല്‍കാമെന്ന് വാക്കു നല്‍കിയെങ്കിലും അതും പാലിച്ചില്ല.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളം അകത്തേക്ക് വീഴുന്ന അവസ്ഥയാണ്. ഇതോടെയാണ് മുരളി കുളിമുറിക്കകത്ത് അന്തിയുറങ്ങാന്‍ തുടങ്ങിയത്. നാല് വര്‍ഷം മുന്‍പ് ലഭിച്ച ശൗചാലയമാണിപ്പോള്‍ മുരളിക്കും കുടുംബത്തിനും തണലാകുന്നത്. അര്‍ഹതയില്ലാത്തവര്‍ വരെ ലൈഫ് മിഷന്‍ പട്ടികയിലിടം പിടിക്കുമ്പോള്‍ മുരളിയെ പോലുള്ളവര്‍ തലചായ്‌ക്കാന്‍ ഒരിടം തേടി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: