ആലപ്പുഴ: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭരണപക്ഷാനുകൂലികളെ താല്‍ക്കാലിക ജീവനക്കാരായി കുത്തിനിറച്ച് പിഎസ്സി റാങ്ക് പട്ടിക പ്രഹസനമാക്കുന്നു. കൊറോണയെ തുടര്‍ന്ന് ഭക്ഷ്യധാന്യ വിതരണം ചിട്ടയോടെ നടക്കേണ്ട ഈ സമയത്തു പോലും ഒഴിവുള്ള അസിസ്റ്റന്റ് സെയില്സ്മാന് (എഎസ്എം) തസ്തികകളില്‍ നിയമനം നടത്താന്‍ സപ്ലൈകോ തയാറാകുന്നില്ല. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റു നിറയ്ക്കാന്‍ പല ജില്ലകളിലും സിപിഎമ്മിന്റെയും സിപിഐയുടെയും യുവജനസംഘടനാ പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
കാറ്റഗറി നമ്പര്‍ 222/2015 അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയിലെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും നോക്കുകുത്തിയാണ്. നിലവിലുള്ള പട്ടികയില്‍നിന്ന് പേരിനു മാത്രം നിയമനം നടത്തിയതല്ലാതെ ഒഴിവുകളില്‍ നിയമിക്കുന്നില്ല. സംസ്ഥാനത്ത് നിലവിലുള്ള വില്പനശാലകളുടെ എണ്ണത്തിന് ആനുപാതികമായ എഎസ്എം തസ്തിക സൃഷ്ടിക്കാതെയും കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുകയുമാണ് സപ്ലൈകോ ചെയ്യുന്നത്.
1996-ല്‍ നിലവില്‍ വന്ന സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അക്കാലത്തുണ്ടായിരുന്ന ആയിരത്തില്‍ താഴെ വില്പനശാലകളുടെ എണ്ണത്തിന് ആനുപാതികമായി 2100 എഎസ്എം തസ്തികകള്‍ നിലവില്‍ വരുകയും പിഎസ്സി മുഖേന നിയമനം നടത്തുകയുമായിരുന്നു. 2018-ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 151 എഎസ്എം തസ്തികള്‍ പുതിയതായി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ 2251 അംഗീകൃത എഎസ്എം തസ്തികകളാണ് നിലവിലുള്ളത്. അതില്‍ 1839 തസ്തികകളില്‍ മാത്രം നിയമനം നടത്തി ബാക്കി മരവിപ്പിച്ചിരിക്കുകയുമാണ്.
ഒഴിവുള്ള തസ്തികകളിലും മരവിപ്പിച്ചിരിക്കുന്ന തസ്തികകളിലുമായി ആവശ്യമുള്ളതിന്റെ മൂന്നു നാലിരട്ടിയിലധികം താല്‍ക്കാലിക ജീവനക്കാരെ പാക്കിങ്, ഡിസ്പ്ലേ സ്റ്റാഫ് എന്ന പേരില്‍ നിയമിക്കുകയും എഎസ്എം ചെയ്യുന്ന അതേ ജോലികള്‍ ചെയ്യിക്കുകയുമാണെന്നാണ് ആക്ഷേപം.
പുതിയ എഎസ്എം നിയമനം നടത്താതെ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സപ്ലൈകോ പറയുന്ന ന്യായീകരണം സാമ്പത്തിക പ്രതിസന്ധിയാണ്. മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്കി നടപടിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: