ലണ്ടന്‍: പരിക്കിനെ തുര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന വിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. കൊറോണ നിയന്ത്രണ വിധേയമായാലുടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനായി പോള്‍ പോഗ്ബ പരിശീലനം തുടങ്ങിക്കഴിഞ്ഞു.
ഞാന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പന്തുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും പോഗ്ബ പറഞ്ഞു. ഫ്രഞ്ചുതാരമായ പോഗ്ബ ഡിസംബര്‍ ഇരുപത്തിയാറിനുശേഷം കളിക്കളത്തിലിറങ്ങിയിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡിനായി ഈ സീസണില്‍ കളിക്കാനായത് എട്ട് മത്സരങ്ങളില്‍ മാത്രം. കാലിലെ പരിക്കാണ് പോഗ്ബയ്ക്ക് പ്രശ്നമായത്.
ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നത് മാനസികമായി തന്നെ തളര്‍ത്തി. ഇപ്പോള്‍ എല്ലാ ശരിയായി. ടീമിനൊപ്പം പരിശീലനം നടത്താനായി കാത്തിരിക്കുകയാണ്. കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കൊതിയായി. അത്രമാത്രം ഞാന്‍ ഫുട്ബോളിനെ സ്നേഹിക്കുന്നുവെന്ന് പോഗ്ബ പറഞ്ഞു.
അതിനിടെ ഈ സീസണുശേഷം പോഗ്ബ യുണൈറ്റഡ് വിട്ടേക്കുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മിനോ രജോള സൂചിപ്പിച്ചു. സീസണിന്റെ അവസാനം സംതൃപ്തി തോന്നുന്നില്ലെങ്കില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകുമെന്ന് ഏജന്റ് മിനോ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടവച്ചിരിക്കുകയാണ്.
ഈ സീസണിന്റെ തുടക്കത്തില്‍ സതാംപ്ടണെതിരായ മത്സരത്തിനിടെയാണ് പോഗ്ബയുടെ കാലിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ഇപ്പോള്‍ എല്ലാം ശരിയായി. ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പോഗ്ബ പറഞ്ഞു. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ടീം അംഗമാണ് ഇരുപത്തിയേഴുകാരനായ പോഗ്ബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: