ആര്‍പ്പൂക്കര (കോട്ടയം): മഹാമാരിയെ തൂത്തെറിയാന്‍ പ്രയത്നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും കരുത്തുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. സജിത്ത് കുമാര്‍. ഹൈറിസ്കുണ്ടായിരുന്ന വയോദമ്പതികളടക്കം അഞ്ച് പേരാണ് മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗമുക്തി നേടിയത്.
മെഡി. കോളേജില്‍ നല്കിയ കൃത്യമായ ചികിത്സയും പരിചരണവും കൊറോണ ചികിത്സാ രീതിക്ക് മാതൃകയാണ്. രോഗികളുമായി ബന്ധം പുലര്‍ത്തിയവരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞത് രോഗം പകരാതെ നോക്കാന്‍ ഏറെ സഹായിച്ചെന്ന് ഡോ. സജിത്ത് പറഞ്ഞു. രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളും സമ്പര്‍ക്കത്തില്‍ വന്നത് ആരൊക്കെയാണെന്നും കണ്ടെത്താന്‍ സഞ്ചാര പാത തയാറാക്കിയതും മുതല്‍ക്കൂട്ടായി.
രോഗ പ്രതിരോധത്തിന് കളക്ടര്‍, ജില്ലാ പോലീസ് ചീഫ്, ഡിഎംഒ എന്നിവരും മെഡിക്കല്‍ കോളേജിലെ ഏഴു വിഭാഗങ്ങളുടെ തലവന്മാരും ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. രോഗികള്‍ക്ക് മുന്തിയ ചികിത്സയും നല്കി. നഴ്സുമാര്‍ സ്വന്തം മാതാപിതാക്കളെ പോലെ അടുത്ത് നിന്ന് ശുശ്രൂഷിച്ചു. അതു കൊണ്ട് കൂടിയാകാം നേഴ്സുമാരില്‍ ഒരാള്‍ക്ക് രോഗം ബാധിക്കാന്‍ ഇടയായത്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അഞ്ചു പേരെയും രോഗവിമുക്തരാക്കാനായി, ഡോ. സജിത്ത് പറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ തെല്ല് ഇളവുപോലും വരുത്തരുത്. രോഗവ്യാപനം കുറഞ്ഞെങ്കിലും ഇളവ് നല്കിയാല് അത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും, ഡോ. സജിത്ത് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: