ലോക്ഡൗണ്‍ കാലത്ത് വീട്ടിലേക്കെത്തുന്ന അതിഥികളെ കണ്ട് അദ്ഭുതപ്പെടുകയാണ് ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്കുമാറും ഭാര്യ ചലച്ചിത്ര നടി മേനകയും. ഇവരെല്ലാം ഇത്രയും കാലം എവിടെപോയി ഒളിച്ചിരുന്നു എന്നതാണദ്ഭുതം. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട്ടെ ഫഌറ്റിലാണ് ഇരുവരും. മകള്‍ കീര്‍ത്തി സുരേഷ് ചെന്നൈയിലാണ്. ലോക്ഡൗണ്‍ ആയതിനായില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനായില്ല.
അടുത്ത കാലത്തെങ്ങും ഇത്രയും കാലം വീട്ടിലിരുന്നിട്ടില്ല സുരേഷ് കുമാര്‍. വാഹനങ്ങളുടെ ഇരമ്പലില്ല. പൊടിപടലങ്ങളില്ല. നഗര ഹൃദയമാണെങ്കിലും ശുദ്ധവായു ശ്വസിക്കാനാകുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കാനാകുന്നു എന്നതാണ് പ്രധാനം. തുണിയലക്കല്‍ മുതല്‍ വീട് വൃത്തിയാക്കല്‍ വരെ ഭാര്യയും ഭര്‍ത്താവും കൂടി ചെയ്തു തീര്‍ക്കുന്നു.
”ഭാര്യ പാചകം ചെയ്യും. ചപ്പാത്തി പരത്താനും മറ്റും ഞാനും സഹായിക്കും. കുട്ടിക്കാലത്തിനു ശേഷം വീട്ടിലെ ഭക്ഷണത്തിന്റെ രുചി അടുപ്പിച്ച് കുറേ ദിവസം അറിയുന്നത് ഇപ്പോഴാണ്.”സുരേഷ് കുമാര്‍ പറയുന്നു.
”കുട്ടിക്കാലത്ത് ഈ നഗരത്തില്‍ നിറയെ പക്ഷികളുണ്ടായിരുന്നു. മരങ്ങള്‍ ധാരാളം തണല്‍വിരിച്ച് നിന്നു. അവിടെയെല്ലാം പക്ഷികള്‍ ചേക്കേറി. നഗരം കൂടുതല്‍ ആധുനികമായപ്പോള്‍ മരങ്ങളില്ലാതായി. പക്ഷികളെല്ലാം എവിടെയോ പോയി. അവര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും സ്ഥലമില്ലാതായി. പൂമ്പാറ്റകളെ പോലും കാണാനില്ല. ആ കാലം തിരികെ വന്നിരിക്കുന്നു. ഇപ്പോള്‍ പക്ഷികളുടെ ശബ്ദം കേട്ടാണ് ഉണരുന്നത്. മേനക ദിവസവും ഫഌറ്റിന്റെ തുറന്ന സ്ഥലത്ത് പക്ഷികള്‍ക്കായി വെള്ളവും ആഹാരവും ഒരുക്കിവെക്കും. ഇതു കഴിക്കാനായി നിരവധി പക്ഷികളാണ് വരുന്നത്. പ്രാവുകളും കാക്കകളും കുരുവിയും മൈനയുമെല്ലാം വരും. കഴിഞ്ഞ ദിവസം വലിയൊരു പരുന്ത് വെള്ളം കുടിക്കാനെത്തി. ഞങ്ങളെ കണ്ടിട്ടും അത് പോയില്ല. വെള്ളമെല്ലാം കുടിച്ച് കുറേ നേരമിരുന്നതിനു ശേഷമാണ് പറന്നകന്നത്. ഇപ്പോള്‍ സ്ഥിരമായി അവരൊക്കെ വരുന്നു. അവരുടെ ഇടങ്ങള്‍ കൈയടക്കി മനുഷ്യന് സ്ഥാപിച്ച അവകാശം അവര്‍ തിരിച്ചു പിടിക്കുകയാണെന്ന് തോന്നുന്നു….”
ഇപ്പോള്‍ നഗരത്തില്‍ മാലിന്യമില്ല. ആരും മാലിന്യമെടുക്കാനും വരുന്നില്ല. ഹോട്ടലുകള്‍ പൂട്ടിയതോടെ പൊതു നിരത്തില്‍ മാലിന്യം തള്ളുന്നതും കുറഞ്ഞു. അത്യാവശ്യത്തിന് മാത്രം ഭക്ഷണം വീട്ടില്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ മാലിന്യം എവിടെ നിന്നുണ്ടാകാന്‍ എന്നാണ് സുരേഷ്കുമാറിന്റെ ചോദ്യം.
ലോക്ഡൗണിന്റെ സങ്കടങ്ങളും ഏറെയാണ്. നിത്യവരുമാനക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടിയത്. സിനിമയിലെ പ്രതിസന്ധി അതിരൂക്ഷമാണ്. സിനിമാ വ്യവസായത്തിലാകും ഏറ്റവും ഒടുവില്‍ ലോക്ഡൗണ്‍ അവസാനിക്കുന്നത്. എല്ലാം ശരിയായ രീതിയിലായാലേ തിയറ്ററുകള്‍ തുറക്കാനാകൂ. ഷൂട്ടിങ്ങുകള്‍ തുടങ്ങാന്‍ തന്നെ ജൂണ്‍ എങ്കിലും ആകും. ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങള്‍ പലതും ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നുമൊക്കെയാണ് എത്തേണ്ടത്. പ്രതിസന്ധിമാറാതെ ഒന്നും നടക്കില്ല.
”കലാകാരന്മാരെല്ലാം പ്രതിസന്ധിയിലാണ്. സാംസ്കാരിക ക്ഷേമനിധിയില്‍ പണമുണ്ട്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായാലും ആ പണമെടുത്ത് അവശതയനുഭവിക്കുന്ന കലാകാരന്മാര്ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.” സുരേഷ് കുമാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: