ചെറുതോണി: ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര് രോഗ വിമുക്തി നേടി, രണ്ട് പേര് ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി ചുരുങ്ങി.
ജില്ലയില്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചുരുളി സ്വദേശിയായ തയ്യല്‍കാരനും ബൈസണ്‍വാലിയിലെ ഏകാദ്ധ്യാപികയുമാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. പിന്നാലെ ഇന്നലെ ലഭിച്ച ഫലത്തില്‍ അധ്യാപികയുടെ ഏഴ് വയസുള്ള മകനും ചുരുളി സ്വദേശിയുടെ ഭാര്യയുടേയും ഫലവും നെഗറ്റീവായി.
നാല് പേരുടെയും രണ്ട് ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് ഇവരെ വീടുകളിലേക്ക് വിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. അധ്യാപികയും മകനും ഇന്നലെ വൈകിട്ടോടെ ഇടുക്കി ജില്ലാ ആശുപത്രി വിട്ടു. ഇവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ തുടരും.
ചുരുളി സ്വദേശിയുടെ 10 വയസുള്ള മകനും 70 വയസുള്ള അമ്മയും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരുടെ കൂടി ഫലം വന്നതിന് ശേഷമാകും കുടുംബം ആശുപത്രി വിടുക. മാര്‍ച്ച് 29ന് ആണ് ചുരുളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 30ന് അധ്യാപികയ്ക്കും കോവിഡ് 19 സ്ഥിരികരിച്ചു. ഏപ്രില്‍ രണ്ടിനാണ് മറ്റുള്ളവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചത്.
അതേ സമയം നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുമ്പംകല്ല് സ്വദേശിയുടെ ഫലവും നെഗറ്റീവായി. ആദ്യ രണ്ട് ഫലം പോസിറ്റീവായിരുന്നു. ഇനിയൊരു ഫലം കൂടി വന്നാല്‍ ഇയാള്‍ക്കും ആശുപത്രി വിടാം. ആകെ പത്ത് പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ബ്രിട്ടീഷ് സ്വദേശിയായ വിനോദ സഞ്ചാരി ഏപ്രില്‍ ഒന്നിനും കുമാരമംഗലം സ്വദേശിയായ പ്രവാസിയും പൊതുപ്രവര്‍ത്തകനായ ചെറുതോണി സ്വദേശിയും മൂന്നിനും ആശുപത്രി വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
അതേ സമയം ജില്ലയില്‍ രോഗം നിലവില്‍ സംശയിക്കുന്നവരില്ലെന്ന് കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ഇത് ജില്ലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൃത്യസമയത്തെത്തിയ ലോക് ഡൗണാണ് രോഗം പടരുന്നത് തടയുന്നതിന് വലിയ സഹായകമായത്. ഇല്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമായിരുന്നെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: