കൊച്ചി: കൊറോണ വ്യാപനകാലത്ത് കര്‍ശന വിലക്കുകള്‍ നിലനില്‍ക്കെ പെരുമ്പാവൂരില്‍ പ്ലൈവുഡ് നിര്‍മാതാക്കള്‍ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയല്‍ അതിനിര്‍ണായകമെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തിയ ദിവസങ്ങളിലാണ് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി ജോലിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആയൂര്‍വേദ മരുന്ന് ഉത്പാദനമടക്കം നിര്ത്തിവയ്പ്പിച്ചപ്പോഴാണ് അടിയന്തരമല്ലാത്ത പ്ലൈവുഡ് വ്യവസായത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അവശ്യ മരുന്ന് വാങ്ങാന്‍ പുറത്ത് ഇറങ്ങുന്നവരെ വരെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട്പ്രകാരം കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയും, ഉള് ഗ്രാമങ്ങളില്‍ ചെറിയ ആള്‍ക്കൂട്ടങ്ങളെ തടയുന്നതിന് ഡ്രോണ്‍ നിരീഷണം നടത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഈ നീക്കം ഞെട്ടിക്കുന്നതാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിന് മുമ്പായി നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പ്ലൈവുഡ് ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ചില ഉടമകള്‍ തൊഴിലാളികളെ ഇവിടെ പിടിച്ച് നിര്‍ത്തിയത്. ഇവര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ച് അക്രമം വ്യാപകമാകുമെന്ന് പ്രചരിപ്പിച്ച് അവരുടെ ഉത്തരവാദിത്വം സര്‍ക്കാരിനെക്കൊണ്ട് എറ്റെടുപ്പിക്കുകയായിരുന്നു മുതലാളിമാര്‍.
പ്ലൈവുഡ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പശ കേടുവരുന്നതിനാല് ഇത് ഉപയോഗിച്ച് തീര്‍ക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയെന്നാണ് വിശദീകരണം. നിര്‍മാണ സാമഗ്രികള്‍ നശിച്ചുപോകുന്ന് മറ്റ് വ്യവസായങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത ആനുകൂല്യം പ്ലൈവുഡ് നിര്‍മാതാക്കള്‍ക്ക് നല്‍കിയതാണ് സംശയം ജനിപ്പിക്കുന്നത്. അടിയന്തര സ്വഭാവമുള്ള ഭക്ഷ്യ ഉത്പാദന മേഖലയ്ക്ക് പോലും പ്രവര്‍ത്തനാനുമതി നിഷേധിച്ചപ്പോള്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് താല്‍ക്കാലികമായി പ്രവര്ത്തിക്കാനായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം ഉയരുന്നത്.
വലിയൊരു സാമ്പത്തിക ശക്തിയാണ് പ്ലൈവുഡ് വ്യവസായം കൈകാര്യം ചെയ്യുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ 1300ല്‍പരം പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അനധികൃതവും, മലിനീകരണം മൂലം സുപ്രീംകോടതി അടച്ചിടാന്‍ ഉത്തരവിട്ട ഫാക്ടറികളും ഉള്‍പ്പെടും. സിപിഎം ഉന്നതരുടെ ഇടപെടലും യുഡിഎഫിലെ പ്രമുഖരായ നേതാക്കളുടെ സഹായവും ഇവര്‍ക്കുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: