കൊച്ചി: കൊറോണ ബാധിച്ച് നാലു മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. ഇടുക്കി നെടിയശാല പുത്തന്‍വീട്ടില്‍ മറിയാമ്മ (മേരിക്കുട്ടി-80), ന്യൂയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേഷനില്‍ (സബ് വേ) ട്രാഫിക് കണ്ട്രോളര്മാരായിരുന്ന കോഴഞ്ചേരി തെക്കേമല പേരകത്ത് വീട്ടില്‍ ലാലു പ്രതാപ് ജോസ്, തൃശൂര്‍ പയ്യൂര്‍ സ്വദേശി ടെനിസണ്‍ എന്നിവരും കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി പോളുമാണ് മരിച്ചത്.
നഴ്സ് ആയിരുന്ന മറിയാമ്മ 40 വര്‍ഷമായി അമേരിക്കയിലാണ്. പുനലൂര്‍ സ്വദേശി മാത്യു കോശിയാണ് ഭര്‍ത്താവ്. ഇവര്‍ കുടുംബ സമേതം ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കില്‍ ആയിരുന്നു താമസം. ജനുവരിയില്‍ നാട്ടില്‍ എത്തി മടങ്ങിയിരുന്നു. സംസ്കാരം പിന്നീട്. മക്കള്‍: വിനി, വിജു, ജിജു. മരുമക്കള്‍: ഫോമ, ഷിജി, സബ്ലിയ. മറിയാമ്മയുടെ 12 സഹോദരങ്ങളും അമേരിക്കയില്‍ തന്നെയാണ്.
ലാലു പ്രതാപ് ജോസ് കഴക്കൂട്ടം സൈനിക സ്കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്നര പതിറ്റാണ്ടു മുന്‍പാണ് അമേരിക്കയിലെത്തിയത്. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളും ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. വാര്യാപുരം ആലുനില്ക്കുന്നതില് സാമുവലിന്റെ മകള്‍ റേച്ചലാണ് ഭാര്യ. മക്കള്‍: ബെനിന്‍, ജൈനി മരുമക്കള്‍: കോറിന്, പര്‍സ). സംസ്കാരം പിന്നീട്. രണ്ടു മാസം മുമ്പ് പുഷ്പമേളയ്ക്കായി കോഴഞ്ചേരിയിലെത്തിയിരുന്നു.
തൃശൂര്‍ സ്വദേശി ടെനിസണ്‍ മാര്‍ച്ച് 21 മുതല്‍ ചികിത്സയിലായിരുന്നു. ടെനിസണും കുടുംബവും വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. ന്യൂയോര്‍ക്ക് മെട്രോപോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ട്രാന്‍സ്പോര്‍ട്ട് കണ്ട്രോളര് ആയി ജോലി ചെയ്തുവരികയായിരുന്നു.
വേളംകോട് കാളിയത്ത് റിട്ട. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ബാബു എന്‍. ജോണിന്റെ മകന് ആണ് മരിച്ച പോള്‍. ടെക്സാസിലെ ഡലാസില്‍ പ്രീ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഹോസ്റ്റലില്‍ നിന്നാണ് വൈറസ് ബാധയേറ്റത്. പോളിന്റെ പിതാവ് നാവിക സേനയില്‍നിന്ന് വിരമിച്ചശേഷം ഐബിഎമ്മില്‍ ജോലിചെയ്തുവരികയാണ്. കടവത്തിങ്കല് കുടുംബാംഗം ജെസ്സി ആണ് മാതാവ്. ഡേവിഡ് സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: