ലോസ്ആഞ്ചലസ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ മരിച്ചു വീഴുന്നതിനിടെ വീണ്ടും പരിഭ്രാന്തി പരത്തുന്ന നടപടിയുമായി കാലിഫോര്‍ണിയ സ്വദേശിനി ജെന്നിഫര്‍ വാക്കര്‍. 53കാരിയായ ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി 1.37 ലക്ഷം രൂപ വില വരുന്ന പലചരക്ക് സാധനങ്ങളിലും മറ്റ് അവശ്യവസ്തുക്കളിലും നക്കുകയായിരുന്നു. ജീവനക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. വടക്കന്‍ കാലിഫോര്‍ണിയയില്‍ ബുധനാഴ്ചയാണ് സംഭവം.
കടയിലെ ആഭരണങ്ങളിലും ഇവര്‍ നക്കിയെന്ന് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. മാംസവും മദ്യവുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവര്‍ കാര്‍ട്ടിനുള്ളില്‍ എടുത്തു വച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ഇവര്‍ ഒന്നും വാങ്ങിയില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ സ്പര്‍ശിക്കുകയും നക്കുകയും ചെയ്ത സാധനങ്ങളത്രയും കടയുടമ നശിപ്പിച്ചു. ഗുരുതരമായ നാശനഷ്ടം വരുത്തിയതിന്റെ പേരിലാണ് ജെന്നിഫറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി.
കസ്റ്റമര്‍ പലചരക്ക് സാധനങ്ങളിലെല്ലാം നക്കുന്നു എന്ന് കടയിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു എന്ന് സൗത്ത് ലേക്ക് ടഹോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ക്രിസ് ഫിയോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: