ചാലക്കുടി : ക്ഷേത്രകലയായ മുടിയേറ്റ് കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലേക്ക്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായിട്ടുള്ള അനുഷ്ഠാന കലയായ മുടിയേറ്റ് കലാകാരന്മാരുടേയും അവരെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുടേയും ജീവിതം വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
ഒരു സീസണില്‍ ലഭിക്കുന്ന വരുമാനമാണ് അടുത്ത ഏഴ് മാസത്തെ ജീവിതത്തിനും, ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ആശ്രയം. മുടിയേറ്റ് പ്രധാനമായി അവതരിപ്പിക്കുന്നവര്‍ കൂടുതലായിട്ടുള്ളത് കൊരട്ടിയിലാണ്. ഇത്തവണ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് അവതരിപ്പിക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണ്‍ മൂലം ക്ഷേത്ര ഉത്സവങ്ങളും മാറ്റി വെച്ചതോടെ, ഈ രംഗത്തെ പ്രശസ്തനായ കിഴക്കെ വാരണാട്ട് നാരായണ കുറുപ്പിന് നാല്‍പ്പതിലധികം മൂടിയേറ്റ് അവതരണമാണ് നഷ്ടമായത്.ഇതിന് പുറമെ കളമെഴുത്തും പാട്ടും ഇല്ലാതായി. എല്ലാ വര്‍ഷവും കളിക്കോപ്പുകളും മറ്റും മാറ്റി പുതിയത് നിര്‍മ്മിക്കണം മുടിയേറ്റിന്.
ഒരു വര്‍ഷം നല്ലൊരു തുക ഇതിന് മാത്രം വേണ്ടി വരും. പുതിയത് നിര്‍മ്മിക്കാന്‍ പണമില്ലാതെ വന്നതോടെ നാരായണ കുറുപ്പും മക്കളായ രമേഷും, സുരേഷും ചേര്‍ന്ന് കളിക്കോപ്പുകളും മറ്റും പുതുക്കി നിര്‍മ്മിക്കുകയാണ്. ഒരു കിരീടം നിര്‍മ്മിക്കുവാന്‍ ഇരുപത്തിഅയ്യായിരം രൂപ ചെലവ് വരുമെന്ന് നാരായണ കുറുപ്പ് പറഞ്ഞു. സാധാരണ ക്ഷേത്ര കലകളുടെ കാലമെന്ന് പറയുന്നത് മലയാള മാസത്തിലെ ധനു പത്ത് മുതല്‍ മേടം പത്ത് വരെയാണ്. മുപ്പത് വയസ് മുതല്‍ മുടിയേറ്റ് അവതരിപ്പിക്കുന്ന നാരായണ കുറുപ്പിന് ഇതൊരു പുതിയ അനുഭവമാണ്.
കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് കുറച്ച് പരിപാടികള്‍ കുറഞ്ഞെങ്കിലും ഇത്തവണ അതെല്ലാം കൂടി തിരികെ വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണയെന്ന മഹാമാരിയുടെ വരവ്.ഒരു മുടിയേറ്റ് ടീമില്‍ ഏകദേശം ഇരുപതോളം കലാകാരന്മാരാണ് ഉള്ളത്. ഇവരുടെ കാര്യവും വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ക്ഷേത്രകലാകാരന്മാരുടെ കാര്യം കൂടി സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ് കലാകാരന്മാരുടെ ആവശ്യം.ധനസഹായവും, സൗജന്യ ചികിത്സ സൗകര്യവും അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നതായി യുനെസ്കോ പുരസ്ക്കാര ജേതാവ് കൂടിയായ നാരായണ കുറുപ്പ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: