ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ണമായി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കല്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യമടക്കം സംസ്ഥാനങ്ങളെ അറിയിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. എന്നാല്‍, കോവിഡ് രോഗം തീരെ റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയേക്കും. ഇത്തരം സംസ്ഥാനങ്ങളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. അതേസമയം, ലോക്ക്ഡൗണിന് ശേഷവും രാജ്യത്തെ ജനജീവിതം സാധാരണ ഗതിയില്‍ ആയിരിക്കില്ലെന്ന സൂചനയും പ്രധാനമന്ത്രി നല്കി. സാമൂഹികമായും വ്യക്തിപരമായും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നല്കുന്ന സൂചന. നേരത്തേ, ലോക്ക്ഡൗണ്‍ പിന്ലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളും ഉടന്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. തബ്ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് കൂടി കൊറോണ പടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, അടിസ്ഥാന മേഖലയില്‍ ചില ഇളവുകള്‍ നല്കാന് തയാറായേക്കും. സമ്പദ് വ്യവസ്ഥയില്‍ ചെറിയ മാറ്റമെങ്കിലും അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിനുള്ളത്.
അതേസമയം, കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രിമാരുടെ സംഘവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നീട്ടിയാലും ഇല്ലെങ്കിലും ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ചത്തേക്കെങ്കിലും ഷോപ്പിങ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ഇവ അടച്ചിടാമെന്നും മന്ത്രിമാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ മെയ് 15 വരെ പൊതുജനങ്ങളെ വിളിച്ചുചേര്‍ത്തുകൊണ്ട് മതപരമായ ചടങ്ങുകളോ യോഗങ്ങളോ സംഘടിപ്പിക്കാന്‍ പാടില്ലെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: