ന്യൂദല്‍ഹി: ലോകത്തെ നിശ്ചലമാക്കി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഇതുവരെ പതിമൂന്നര ലക്ഷം പേരിലേക്കെത്തി. ഒറ്റ ദിവസം കൊണ്ട് മുക്കാല്‍ ലക്ഷത്തോളം ആളുകളെയാണ് വൈറസ് ബാധിച്ചത്. ലോകത്താകെ മരണം 82,000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
വൈറസ് ബാധയെ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ലോക രാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാണ്. ഇരുപതിനായിരത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം മാത്രം രോഗത്തില്‍ നിന്ന് മുക്തിനേടിയത്. ഇതോടെ ലോകത്താകമാനം വൈറസ് ബാധയെ അതിജീവിച്ചവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു. എന്നാല്‍ നിലവില്‍ ചികിത്സയിലുള്ളവരില്‍ അമ്പതിനായിരം പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും മരണസഖ്യ ഉയര്‍ന്ന് വരികയാണെന്നും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ന്യൂയോര്‍ക്കില്‍ മാത്രം ദിവസവും ഇരുനൂറ് പേര് മരിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ മരണം 11,773 ആയി. മുപ്പതിനായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 3,77,317 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം മരണം അയ്യായിരത്തിനടുത്തെത്തി. ന്യൂജഴ്സിയില്‍ മരണം ആയിരം കവിഞ്ഞു. മിഷഗണില്‍ മരണം 727.
മരണസംഖ്യയില്‍ നേരിയ കുറവുണ്ടായ സ്പെയ്നില്‍ സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അറുനൂറിലധികം അളുകള്‍ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണസഖ്യ പതിനാലായിരം അടുത്തു.
ഏഴായിരത്തിലധികം പേരാണ് സ്പെയ്നില്‍ മാത്രം ഗുരുതരാവസ്ഥയിലുള്ളത്. ഇറ്റലിയില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അറുനൂറിലധികം പേര് ഇന്നലെയും ഇറ്റലിയില്‍ മരിച്ചു. മരണസഖ്യ പതിനേഴായിരം കവിഞ്ഞു.
താരതമ്യേന മരണനിരക്ക് കുറവുള്ള ജര്‍മനിയില്‍ 250തിലേറെ പേര് ഇന്നലെ മരിച്ചു. അയ്യായിരത്തോളം ആളുകള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. ഇവിടെ മരണം 1854 ആയി. ഫ്രാന്‍സില്‍ മരണസഖ്യ 8911 ആയി. അമേരിക്കക്കും സ്പെയ്നും ഇറ്റലിക്കും ശേഷം ഫ്രാന്‍സിലും മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.
ഏഴായിരത്തിലധികം പേരാണ് ഫ്രാന്‍സില്‍ ഗുരുതരാവസ്ഥയിലുള്ളത്. ബെല്‍ജിയത്തിലും മരണസഖ്യ അതിവേഗം ഉയരുകയാണ്. ഇന്നലെ മരണസഖ്യ രണ്ടായിരം കടന്നു. നെതര്‍ലാന്‍ഡ്സില്‍ മരണം 2100 കടന്നു.
ബ്രിട്ടനില്‍ 5373 പേരാണ് മരിച്ചത്. ഇറാനില്‍ മരണം 4000ത്തിന് അടുത്തെത്തി, 3872. സ്വിറ്റ്സര്‍ലാന്‍ഡ് 787, തുര്‍ക്കി 649, സ്വീഡന് 591, ബ്രസീല്‍ 566, പോര്‍ച്ചുഗല്‍ 345, കാനഡ 323 എന്നിങ്ങനെയാണ് കൂടുതല്‍ മരണങ്ങളുള്ള രാജ്യങ്ങളിലെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: